director-ranjith-arrest-kochi

TOPICS COVERED

സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പ്രതി ഒളിവില്‍ പോകാന്‍ സാധ്യത കുറവാണെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക ഗൗരവതരമെന്നും കോടതി. കര്‍ശന ഉപാധികളോടെയാണ് ര‍ഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 

 

പ്രതിക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആരോഗ്യ കാരണങ്ങളാൽ ഒളിവിൽ പോകാൻ സാധ്യത കുറവാണെന്ന് കോടതി വിലയിരുത്തി. എന്നാൽ പ്രതിക്ക് ഏറെ സ്വാധീനമുള്ളതിനാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രഞ്ജിത്തിന്റെ തന്നെ സിനിമയിലെ അണിയറപ്രവർത്തകരാണ് കേസിലെ സാക്ഷികൾ. അതുകൊണ്ടുതന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ പ്രധാനമായും മുന്നോട്ടുവച്ച വാദം. 

 

സിനിമയിലെ റോള്‍ വെട്ടിക്കുറച്ചതിലുള്ള തർക്കമാണ് തനിക്കെതിരെയുള്ള വ്യാജ പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. എന്നാൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണവും രഞ്ജിത്തും തമ്മിൽ ബന്ധപ്പെടുത്തുന്ന പ്രകടമായ തെളിവുകളുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങളെല്ലാം അഞ്ചുവർഷത്തിൽ താഴെ മാത്രം തടവ് ശിക്ഷ ലഭിക്കാവുന്നവയാണ്. കൂടാതെ കൂടുതൽ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യൽ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ച സാഹചര്യത്തിലുമാണ് ജാമ്യം നൽകാവുന്ന സാഹചര്യമാണെന്ന് കോടതി വിലയിരുത്തിയത്.

ENGLISH SUMMARY:

A court in Ernakulam has observed prima facie evidence in the sexual assault case against filmmaker Ranjith while granting him bail on health grounds. The court noted that his medical condition reduces the risk of absconding but raised serious concerns about potential witness influence. Prosecution argued that key witnesses are part of Ranjith’s film crew, increasing the risk of interference. The defence claimed the complaint was fabricated due to a dispute over a film role. However, the court found clear material linking the allegations to the accused. Bail was granted with strict conditions after noting that further custodial interrogation was not required.