ചിക്കമംഗളൂരുവില്‍ ട്രെക്കിങ്ങിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മരണത്തില്‍ ദൂരൂഹത ആരോപിക്കുകയാണ് ബന്ധുക്കള്‍. കാണാതായ ശേഷം രണ്ടു ദിവസവും തിരച്ചില്‍ നടത്തിയ സ്ഥലത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. യാത്രക്കാരുടെ സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വീണ്ടും തിരഞ്ഞപ്പോഴാണ് കിട്ടിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ശ്രീനന്ദയുടെ ബന്ധു പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞയുടനെ സംഘത്തിലുണ്ടായിരുന്ന 38 പേരും തിരച്ചില്‍ തുടങ്ങി. ടിക്കറ്റ് കൗണ്ടറിലെ സിസിടിവി പരിശോധിക്കാന്‍ പറഞ്ഞപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നെന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്. സംശയംപറഞ്ഞ രീതിയില്‍ അന്വേഷിച്ചല്ലെന്നും ബന്ധു ആരോപിക്കുന്നു.
ശ്രീനന്ദയെ അവസാനം കണ്ടെന്ന് പറഞ്ഞ സ്ഥലത്തു നിന്നും 1500 അടി താഴ്ചയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഹര്‍ഷനഗുപ്പെ എന്ന ഭാഗത്ത് മലര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഈ ഭാഗത്തേക്ക് മലയില്‍ നിന്നും നേരിട്ട് ഇറങ്ങാന്‍ പറ്റില്ല. ബാബാ ബുധന്‍ഗിരി കുന്നിന് താഴെയെത്തി ഗ്രാമത്തിലൂടെ നടന്നു വേണം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താന്‍.
ബാബാ ബുധന്‍ഗിരിയില്‍ കടകളിരിക്കുന്ന ഭാഗത്തേക്കാണ് പൊലീസ് നായ പോയതെങ്കിലും അവിടെയുള്ളവരെ ചോദ്യം ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. വാഹന പാര്‍ക്ക് ചെയ്ത ഭാഗം, കടകളുള്ള ഭാഗം എന്നിവ ബന്ധപ്പെടുത്തിയും ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ളമുള്ള അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. ബാബാ ബുധന്‍ഗിരിയില്‍വച്ചാണ് പതിനാലുകാരി ശ്രീനന്ദയെ നാലുദിവസംമുന്‍പ് കാണാതായത്. കുടുംബം ഉള്‍പ്പെട്ട നാല്‍പതംഗ സംഘത്തിലായിരുന്നു പാലക്കാടുകാരിയായ പെണ്‍കുട്ടി ഉണ്ടായിരുന്നത്.