തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രബുദ്ധ കേരളത്തിന് നന്ദിയുണ്ടെന്നും, കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണെന്നും, തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.' – മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോള്‍ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഉയര്‍ന്നിരിക്കുകയാണ്. അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം 75.01 ശതമാനമാണ് പോളിങ്. അവസാനമണിക്കൂറിലെ കണക്കുകള്‍ കൂടി വന്നാല്‍ ശതമാനം ഇനിയും ഉയരുമെന്ന് ഉറപ്പായി.