വിധിയെഴുത്തിന് ഒരുങ്ങി കേരളം. 140 മണ്ഡലങ്ങളിലെയും ബൂത്തുകള്‍ തയ്യാറായി. പരമാവധി വോട്ടര്‍മാെര എത്തിക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട് ആര്‍ക്ക് എന്ന് ഉറപ്പിച്ച വോട്ടര്‍മാരില്‍ ചിലര്‍ അത് തുറന്നുപറഞ്ഞപ്പോള്‍, ചിലര്‍ അത് പരമരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 2 കോടി 71 ലക്ഷം വോട്ടര്‍മാര്‍ക്കായി ബൂത്തുകള്‍ തയ്യാര്‍.
സംസ്ഥാനത്താകെ 43 കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ വൈകിട്ടോടെ ബൂത്തുകളിലെത്തി. ഏജന്‍റുമാരെ വിന്യസിക്കാനും ഒാരോ ബൂത്തിലും പരമാവധി വോട്ടര്‍മാരെ എത്തിക്കാനുമുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. വോട്ടര്‍മാര്‍ എല്ലാം തീരുമാനിച്ചുകഴിഞ്ഞു.
പരമാവധിപേരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനും. തലസ്ഥാനത്ത് വൈകിട്ട് വിളബര ജാഥയടക്കം സംഘടിപ്പിച്ചു. പോളിങ് ബൂത്തിലെത്താന്‍ ഊബറില്‍ സൗജന്യ യാത്ര, വോട്ട് ചെയ്ത് ആദ്യമെത്തുന്ന 15 പേര്‍ക്ക് കഫേ കോഫി ഡേ ഔട്‍ലറ്റുകളില്‍ 25 ശതമാനം കിഴിവ് എന്നിങ്ങനെ വോട്ടിങ് ദിനത്തിലുമുണ്ട് കമ്മിഷന്‍റെ ഓഫറുകള്‍.