ഷൂട്ടിങ് സെറ്റില്‍ വച്ച് ശാരീരിക അതിക്രമം നടത്തിയതിന് ശേഷം അതിജീവിതയെ രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ അതിജീവിത ഫോണെടുത്തില്ലെന്നും ഡിസിപി അശ്വതി ജിജി വെളിപ്പെടുത്തി. രഞ്ജിത്തിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് അന്വേഷിക്കുകയാണെന്നും ബോബി കുര്യനെയും ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിന് ശേഷം പരാതി നല്‍കാന്‍ അതിജീവിത വൈകിയെന്ന ആരോപണം പൊലീസ് തള്ളി. പരാതിയിലെ കാലതാമസത്തില്‍ അസ്വാഭാവികത ഇല്ലെന്നും സംഭവദിവസത്തെ കാരവന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും ഡിസിപി അറിയിച്ചു. 

യുവനടി തനിക്കെതിരെ നല്‍കിയ ലൈംഗിക അതിക്രമ പരാതി വ്യാജമെന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം. അതിക്രമത്തെ കുറിച്ച് അറിയില്ലെന്ന് കാരവന്‍ ഡ്രൈവറും മൊഴി നല്‍കി. അതിക്രമം നടന്നതായി യുവതി പറഞ്ഞ ദിവസം സെറ്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴിയും അന്വേഷണസംഘം എടുത്തിരുന്നു. 

നടി പരാതി നല്‍കിയതിന് പിന്നാലെ രഞ്ജിത്തിനെ രക്ഷപെടുത്താന്‍ ശാലിനിയും ബോബി കുര്യനും ശ്രമിച്ചിരുന്നു. അതിക്രമം നടന്നതിന് പിന്നാലെ നടി കാരവനില്‍ നിന്നിറങ്ങിയോടുകയും വിവരം സെറ്റിലുള്ളവരെ അറിയിക്കുകയുമായിരുന്നു.

ENGLISH SUMMARY:

DCP Ashwathi Jiji revealed that director Ranjith attempted to contact the victim via phone following the alleged sexual assault on a film set. The victim did not answer the calls, and the police have seized Ranjith's phone for forensic analysis. While Ranjith claims the allegations are fake, the police dismissed concerns over the delay in filing the complaint. Further interrogations of witnesses Shalini and Bobby Kurien are scheduled as the investigation team tracks the sequence of events outside the caravan on the day of the incident.