പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു . യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു.
എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഗൾഫ് മേഖല യുദ്ധത്തിന്റെ മുനമ്പാകാനുള്ള മൂലകാരണം ആരാണ് വലുതെന്നുള്ള ചോദ്യത്തിന്റെ മറുപടി കിട്ടാത്തതാണെന്ന് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളെ അദ്ദേഹം ഓർമപ്പെടുത്തി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷ. എറണാകുളം വരാപ്പുഴ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ശിശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ ഉയിർപ്പിന്‍റെ പ്രദക്ഷിണത്തിനും കുർബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പാറ്റൂർ സെന്‍റ് തോമസ് പള്ളിയിൽ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഈസ്റ്റർ സന്ദേശം നൽകി.