ബിജെപിയുടെ കിറ്റ് വിതരണമെന്ന് ആരോപണത്തില്‍ തൃശൂര്‍ വാടാനപ്പളളിയില്‍ സംഘര്‍ഷം. ചാംപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 4000 കിറ്റ് പിടിച്ചു. ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രവീണ്‍ ജിത്ത് അറസ്റ്റിലായി. നേരത്തെ കിറ്റുകള്‍ ബിജെപിയുടേതെന്ന് ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും ഗോഡൗണ്‍ വളഞ്ഞു. ഗോഡൗണിന്‍റെ ഗേറ്റ് തകര്‍ത്ത് ഉള്ളിലേക്ക് തള്ളിക്കയറി. ഗോഡൗണിനോട് ചേര്‍ന്നുള്ള വീട്ടിലെത്തിയ ബിജെപി നേതാക്കളേയും തടഞ്ഞു. കിറ്റ് വിതരണത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
നടന്‍ ദേവനെ തടഞ്ഞുവച്ചു. ഗോഡൗണിനോട് ചേര്‍ന്നുള്ള വീട്ടില്‍ ബിജെപി നേതാക്കള്‍ എത്തിയത് കിറ്റ് വിതരണത്തിനെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു. ഗൃഹസന്ദര്‍ശനത്തിന് എത്തിയതെന്നാണ് ബിജെപി വിശദീകരണം. ഇവരെ തടഞ്ഞുവച്ച് എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധിച്ചു. നടന്‍ ദേവന്‍ ഉള്‍പ്പെടെയുള്ളവരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. വീടിന്‍റെ ബാല്‍ക്കണിയിലെത്തി ദേവന്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം, തൃശൂരില്‍ ഒളരിക്കരയില്‍ വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി. പ്രാദേശിക നേതാവ് കൂടിയായ രാധാകൃഷ്ണനാണ് ഒന്നാംപ്രതി. കിറ്റ് ആരോപണം വ്യാജമാണെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. പ്രധാനമന്ത്രി തൃശൂരിലെത്തിയത് പെട്ടിയില്‍ കാശുമായാണെന്ന് കോണ്‍ഗ്രസ് നേതാവും മണലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ടി.എന്‍.പ്രതാപന്‍ ആരോപിച്ചു.
തൃശൂര്‍ ഒളരിക്കര ശിവരാമപുരം ഉന്നതിയിലെ താമസക്കാര്‍ക്കായിരുന്നു ബി.ജെ.പി. വക കിറ്റ്. കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റിന് ഓര്‍ഡര്‍ ചെയ്തയാള്‍ ബി.ജെ.പി പ്രവര്‍ത്തകനായ രാധാകൃഷ്ണനാണെന്ന് പൊലീസ് കണ്ടെത്തി. തൊള്ളായിരം രൂപ വരുന്ന ഇരുപത്തിയെട്ടു കിറ്റുകള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കണ്ടെത്തി. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
എല്‍.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ ജനാധിപത്യമായി നേരിടണമെന്ന് ഒല്ലൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.രാജന്‍ പറഞ്ഞു. കിറ്റ് വിതരണത്തെക്കുറിച്ചറിയില്ലെന്ന് തൃശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തും ഇതേഉന്നതിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വോട്ടിനു പണം നല്‍കിയെന്ന പരാതി കോടതിയുടെ പരിഗണനയിലാണ്.