Untitled design - 1

നടിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര കുറ്റങ്ങള്‍. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയത്. ഭാരതീയ ന്യായസംഹിതയുടെ 74, 75, 79 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇവ. ഇതില്‍ ആദ്യത്തെ രണ്ടും ജാമ്യമില്ലാ കുറ്റങ്ങളാണ്. രഞ്ജിത്തിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനാലാണ്. 

ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാഷൂട്ടിങ്ങിനിടെ കാരവനില്‍ അതിക്രമിച്ച് കയറിയ രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവനടി ഡിജിപിക്ക് പരാതി നല്‍കിയത്. പിടിവിടുവിച്ച് നടി കാരവനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. മാനസികമായി വലിയ സമ്മര്‍ദത്തിലായ യുവതി കൗണ്‍സലിങ് ഉള്‍പ്പെടെ നടത്തിയാണ് മാനസികനില വീണ്ടെടുത്തത്. തുടര്‍ന്ന ്പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിജിപിക്കാണ് പരാതി കൈമാറിയത്.

അതീവരഹസ്യമായി പൊലീസ് നീക്കം

renjith-politics

യുവനടി നല്‍കിയ പരാതി പരിശോധിച്ച സംസ്ഥാന പൊലീസ് മേധാവി അത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണര്‍ അന്വേഷണത്തിന് കൊച്ചി ഡിസിപി അശ്വതി ജിജിയെ ചുമതലപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ െചയ്തശേഷം അതീവരഹസ്യമായാണ് പൊലീസ് അന്വേഷണം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള രഞ്ജിത്തിന്‍റെ രാഷ്ട്രീയ സ്വാധീനം കൂടി കണക്കിലെടുത്താണ് നീക്കങ്ങള്‍ രഹസ്യമാക്കി വച്ചത്. 

നടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം രഞ്ജിത്തിന്‍റെ അറസ്റ്റിനുള്ള നടപടികള്‍ ആരംഭിച്ചു. കോട്ടയത്ത് അറസ്റ്റിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രഞ്ജിത്തിനെ പിന്തുടര്‍ന്ന പൊലീസ് തൊടുപുഴയ്ക്കടുത്ത് മുട്ടത്തുവച്ച് വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിടെ നിന്ന് കൊച്ചിയില്‍ എത്തിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഇസിജിയില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് കുറച്ചുനേരെ നിരീക്ഷണത്തില്‍ വച്ചു. പരിശോധനയില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ പരിസരത്ത് ആള്‍ക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ സ്റ്റേഷനുള്ളില്‍ കൊണ്ടുപോകാതെ മജിസ്ട്രേറ്റിന് വീട്ടിലേക്ക് നീങ്ങി.

റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്ട്രേറ്റ് ഉത്തരവ് തയാറാക്കാന്‍ വീട്ടിലേക്ക് കയറിപ്പോയപ്പോഴാണ് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ സ്ഥലത്തെത്തിയത്. അതുവരെ കേസിനെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ വിവരമുണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. റിമാന്‍ഡ് ചെയ്തതോടെ സ്ഥിരം ജാമ്യത്തിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ അപേക്ഷ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ ന്യായസംഹിതയിലെ 74, 75 വകുപ്പുകളാണ് ജാമ്യത്തിന് തടസമായത്. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുക (Assault or criminal force to woman with intent to outrage her modesty) എന്ന കുറ്റമാണ് എഴുപത്തിനാലാം വകുപ്പിലുള്ളത്. തെളിഞ്ഞാല്‍ ഒന്നുമുതല്‍ അ‍ഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ജാമ്യമില്ലാക്കുറ്റമായാണ് ഇത് ബിഎന്‍എസ്എസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ranjith-arrest-4

ലൈംഗികാതിക്രമമാണ് എഴുപത്തഞ്ചാം വകുപ്പ് പ്രകാരമുള്ള കുറ്റം. പ്രകടമായ ലൈംഗിക താല്‍പര്യത്തോടെയുള്ള സ്പര്‍ശനമോ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ ലൈംഗികച്ചുവയോടെ സംസാരിക്കുകകയോ സമ്മതമില്ലാതെ പോണ്‍ വിഡിയോകളും ചിത്രങ്ങളും കാണിക്കുയോ ചെയ്യുന്നതാണ് ലൈംഗികാതിക്രമത്തിന്‍റെ നിര്‍വചനത്തില്‍ ഉള്ളത്. മൂന്നുവര്‍ഷം വരെ കഠിനതടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ നല്‍കാവുന്നതാണ് ഈ കുറ്റം.  

സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള ആംഗ്യവിക്ഷേപങ്ങളോ സംസാരമോ ആണ് എഴുപത്തൊന്‍പതാം വകുപ്പിലുള്ളത്. സ്ത്രീകളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. തെളിയിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം. രഞ്ജിത്തിന്‍റെ സ്വാധീനം കണക്കിലെടുത്ത് വളരെ കരുതലോടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പൊലീസ് നീങ്ങിയത്. എവിടെയെങ്കിലും പിഴച്ചാല്‍ മുന്‍പുള്ള കേസുകളില്‍ നിന്ന് ഒഴിവായതുപോലെ സംഭവിക്കാനുള്ള സാധ്യതയും പൊലീസ് കണക്കിലെടുത്തിരുന്നു.

ENGLISH SUMMARY:

Director Ranjith faces serious legal charges under Sections 74, 75, and 79 of the Bharatiya Nyaya Sanhita in a sexual assault case filed by a young actress. The FIR includes offences such as sexual harassment, outraging the modesty of a woman, and physical assault, with some sections being non-bailable. The alleged incident took place inside a caravan during a film shoot in Fort Kochi. Following a secret police operation, Ranjith was arrested and remanded for 14 days. If proven, the charges could result in imprisonment of up to five years. The case has sparked widespread attention due to its gravity and the accused’s influence.