TAGS

ബവ്കോ ചില്ലറ വിൽപനശാലകളിൽ മദ്യ നിർമാണ കമ്പനികളുടെ പ്രതിനിധികളെ വിലക്കി ബവ്കോ എം.ഡിയുടെ സർക്കുലർ. കമ്പനി പ്രതിനിധികൾ സ്വന്തം ബ്രാൻഡ് മദ്യം യഥേഷ്ടം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ മദ്യ കമ്പനി പ്രതിനിധികളെ ബവ്കോ കൗണ്ടറുകളിൽ പ്രവേശിപ്പിച്ചാൽ ഷോപ്പ് ചുമതലയുള്ളവർക്കെതിരെ നടപടിയെടുക്കും. വർഷം തോറും നാമമാത്രമായ തുക നൽകി സ്വകാര്യ കമ്പനികൾക്ക് ബ്രാൻഡ് പ്രദർശിപ്പിക്കാൻ കൗണ്ടർ അനുവദിച്ച മുൻ എംഡിയുടെ തീരുമാനവും പിൻവലിക്കും. 

സ്വന്തം കമ്പനി പുറത്തിറക്കുന്ന മദ്യത്തിന്‍റെ ഗുണവും മണവും പറഞ്ഞുള്ള വിൽപ്പനയ്ക്കായി പ്രത്യേക ആളുവേണ്ട. നിലവിലെ രീതി അനുസരിച്ച് ചില പേരുകളെക്കുറിച്ച് മാത്രം കമ്പനി പ്രതിനിധികൾ വാചാലരാവും. മുന്തിയ ഇനം മദ്യക്കമ്പനികളുടെ പ്രതിനിധികൾ മാത്രം ഈ മട്ടിൽ ഷോപ്പിനുള്ളിൽ ഇടപാടുകാരായി പ്രവർത്തിക്കുന്നത് സർക്കാർ ബ്രാൻഡ് മദ്യത്തിന്‍റെ വിൽപ്പനയെയും കാര്യമായി ബാധിച്ചിരുന്നു. കമ്പനിക്കാരുടെ മദ്യ ഉപഭോക്താക്കളോടുള്ള വിൽപ്പന ചങ്ങാത്തം പൂർണമായും ഒഴിവാക്കാനാണ് നിർദേശം. ഇത് പാലിക്കാത്ത സാഹചര്യമുണ്ടായാൽ ഷോപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലായിരിക്കും നടപടി. വർഷം തോറും നിശ്ചിത തുക മുൻകൂറായി നൽകിയാൽ സ്വകാര്യ മദ്യ കമ്പനികൾക്ക് സ്വന്തം ബ്രാൻഡ് മദ്യത്തിന്‍റെ പരസ്യം ബവ്കോ പ്രീമിയം കൗണ്ടറുകളിൽ പ്രദർശിപ്പിക്കാമെന്ന് മുൻ എം.ഡി ഇറക്കിയ ഉത്തരവും ഇതോടെ പിൻവലിക്കേണ്ടി വരും.

 ചില മദ്യ കമ്പനികളുടെ പ്രതിനിധികൾ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള വഴികളിലൂടെ ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയും പുതിയ ഉത്തരവിന് പിന്നിലുണ്ടെന്നാണ് വിവരം. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന മട്ടിൽ വിവാദ ഉത്തരവുകൾ എടുത്തതിന് പിന്നാലെയാണ് ഹർഷിത അത്തല്ലൂരിക്ക് ബവ്കോ എം.ഡി സ്ഥാനം നഷ്ടമായത്. എ.ഡി.ജി.പി എം.ആർ അജിത് കുമാർ എം.ഡി യായി ചുമതലയേറ്റതിന് പിന്നാലെ വിവാദമായ രണ്ട് മുൻ ഉത്തരവുകൾ റദ്ദാക്കിയിരുന്നു. പ്ലാസ്റ്റിക് മദ്യ കുപ്പികൾക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് ഈടാക്കുന്നത് ഉൾപ്പെടെയുള്ള മുന്‍ തീരുമാനങ്ങളും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 

 സര്‍ക്കാരും സ്വകാര്യ കമ്പനികളും പുറത്തിറക്കുന്ന മദ്യം വില്‍ക്കാന്‍ കൗണ്ടറുകളില്‍ ഇടനിലക്കാരന്‍റെ ആവശ്യമില്ലെന്ന് ബവ്കോ. ഉപഭോക്താവിന് ഇഷ്ടമുള്ള മദ്യം അവര്‍ സ്വന്തംനിലയില്‍ തിരഞ്ഞെടുക്കട്ടെ. 

ENGLISH SUMMARY:

Bevco liquor sales will no longer allow company representatives in their retail outlets following a circular from the Bevco MD. This decision aims to prevent unfair promotion of specific brands and ensure that customers can make their choices without undue influence.