പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ കാസർകോട് ചെറുവത്തൂരിൽ സന്ദീപ് വാരിയറുടെ പ്രചാരണ പരിപാടിക്ക് നേരെയും ആക്രമണം നടന്നതായി പരാതി. ബസ്റ്റാൻഡിൽ സന്ദീപിന്റെ പ്രചാരണാർത്ഥം എത്തിയ രണ്ട് യുവാക്കളെ സിപിഎം സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം. പിന്നാലെ ബസ് സ്റ്റാൻഡിലേക്ക് എത്തിയ സ്ഥാനാർത്ഥി സന്ദീപ് വാരിയറും സിപിഎം പ്രവർത്തകനായ ബസ് സ്റ്റാൻഡിലെ കളക്ഷൻ ഏജന്‍റും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
സ്ഥാനാര്‍ഥി പര്യടനത്തിനിടെ വടക്കന്തറയില്‍വച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം പിഷാരടിയെ തടഞ്ഞത്. വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
പാലക്കാട് നഗരസഭ 51ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ ഇങ്ങോട്ടു പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞത്. ഇതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒടുവില്‍ രമേഷ് പിഷാരടിയും സംഘവും തിരിച്ചു പോയി. ആരോ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍, ലക്ഷ്മണണ്ണന്‍ ഇതില്‍ ഇടപെടണ്ടെന്നും പിഷാരടിയെ ഇവിടെ കയറ്റില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.
ഇന്ന് പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു രമേഷ് പിഷാരടിയുടെ പര്യടനം. ഈ മേഖലകൾ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണ്. മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ എതിർ സ്ഥാനാർഥികളുടെ ഫ്‌ളക്‌സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു.