റിപ്പോർട്ടർ ടി.വിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് നടപടി. ട്വന്റി20 ചീഫ് കോർഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് എം.ഡി.യുമായ സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഈ വിവരം ഹൈക്കോടതിയെ അറിയിച്ചത്.
ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ്. എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് ഈ കമ്പനിയുടെ ഡയറക്ടർമാർ. ഈ കമ്പനിയിൽ നിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലേക്ക് ഉടമസ്ഥാവകാശം കൈമാറാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആരോപണം. ചാനലുകളുടെ ഉടമസ്ഥാവകാശത്തിലോ ഡയറക്ടർ ബോർഡിലോ മാറ്റം വരുത്തുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് നിർബന്ധമാണ്.
ഈ വർഷം ഫെബ്രുവരി രണ്ടിന് സാബു എം. ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചത്. ലൈസൻസ് കൈമാറ്റത്തിൽ സുതാര്യതയില്ലെന്നും ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറലാണ് കേന്ദ്ര സർക്കാരിന്റെ നടപടി കോടതിയെ വാക്കാൽ അറിയിച്ചത്. നിലവിൽ ചാനൽ ഡയറക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.