തിരുവനന്തപുരം മെഡിക്കൽ  കോളജിൽ തീപടർന്നത് സംബന്ധിച്ച് സൂപ്രണ്ടിന്റെ റിപ്പോർട്ടും ജീവനക്കാരുടെ മൊഴികളും തമ്മിൽ വൈരുധ്യം.  അഗ്നിബാധയുണ്ടായപ്പോൾ തീപിടിച്ചത് എതിര്‍ ദിശകളിലുളള  രണ്ട് വെന്‍റിലേറ്ററുകൾക്കെന്നാണ്  ജീവനക്കാരുടെ മൊഴി. എന്നാൽ ഉപയോഗത്തിലില്ലാത്ത ഒരു  വെന്റിലേറ്ററിൽ നിന്ന്  തീപടർന്നെന്നും രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നുമാണ്  സൂപ്രണ്ടിന്‍റെ വിശദീകരണം.

മള്‍ട്ടി സ്പെഷല്‍റ്റി ബ്ളോക്കിലെ സര്‍ജിക്കല്‍ ഐസിയുവില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡോക്ടര്‍മാരടക്കം 9 ജീവനക്കാര്‍ക്കാണ് ബോധക്ഷയവും കനത്ത പുകയേത്തുടര്‍ന്നുളള ശാരീരിക അസ്വസ്ഥതകളുമുണ്ടായത്. ഇവര്‍ പലരും ഇപ്പോഴും തിരികെ ജോലിക്ക് ഹാജരായിട്ടില്ല.  അപ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളുടെ സ്ഥിതി ഈഹിക്കാവുന്നതേയുളളു. എന്നിട്ടും ഇവിടെ ചികില്‍സയില്‍ കഴിഞ്ഞ അഞ്ചുപേരുടെ തീപിടിത്ത ശേഷം മണിക്കൂറുകള്‍ക്കുളളിലുണ്ടായ മരണത്തില്‍ അസ്വാഭാവികയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. 

പക്ഷേ അധികൃതരുടെ വിശദീകരണവും ജീവനക്കാരുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ട്. നാല് , 12 നമ്പർ ബെഡുകളില്‍  തീ പടർന്നെന്നാണ് ജീവനക്കാരുടെ മൊഴിയിലുളളത്.  വ്യത്യസ്ത ദിശകളിലുള്ള രണ്ട് വെന്‍റിലേറ്ററുകളിൽ തീ പടർന്നത് വെന്‍റിലേറ്റർ തകരാർ കൊണ്ടല്ലെന്നും ഇലക്ട്രിക് സർക്യൂട്ടി ലോ ഓക്സിജൻ സർക്യൂട്ടിലോ ഉള്ള തകരാർ  കാരണമെന്നുമാണ്  ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാർ നല്കിയ  മൊഴി.  ഒരെണ്ണം പൂർണമായും മറ്റൊരെണ്ണം ഭാഗികമായും കത്തി. എന്നാല്‍ ഉപയോഗത്തിലില്ലാത്ത ഒരു വെന്‍റിലേറററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും വെന്‍റിലേററര്‍ തകരാര്‍ ആണെന്നുമാണ് അധികൃതരുടെ വാദം.

രണ്ടാമത്തെ വെന്‍റിലേറ്റർ കത്തിയ കാര്യം കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍​  പരാമർശിച്ചിട്ടില്ല. ഫയർ അലാറം ഉൾപ്പെടെ അഗ്നി രക്ഷാ സംവിധാനം പ്രവർത്തിച്ചില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്. അഗ്നിബാധയ്ക്ക് ശേഷം ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെ മരണത്തിലാണ് ദുരൂഹതയേറുന്നത്. തീപിടിത്തമുണ്ടായപ്പോള്‍  രക്ഷിക്കാനുളള ശ്രമത്തിനിടെ ജീവന്‍രക്ഷാ ഉപകരമങ്ങള്‍  മാറ്റിയതും കനത്ത പുകയും അഞ്ചുപേരുടെ ജീവനെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ENGLISH SUMMARY:

Thiruvananthapuram Medical College fire discrepancies highlight a major contradiction between official reports and staff testimonies regarding the cause and extent of the blaze. The differing accounts raise serious questions about patient safety and the investigation into the five deaths that occurred shortly after the incident.