സംസ്ഥാനം വീണ്ടും കോടികള്‍ കടമെടുക്കുന്നു. 3700 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ലേലം 24 ന് നടക്കും. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49547 കോടിയായി ഉയര്‍ന്നു. ഖജനാവ് കാലിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും കടമെടുപ്പില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ നേരത്തെ കുത്തനെ വെട്ടിക്കുറച്ചിരുന്നു. 

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 12,515 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് നേരത്തെ അനുമതിയുണ്ടായിരുന്നു. ഇതില്‍ 5944 കോടിയുടെ കുറവാണ് കേന്ദ്ര ധനമന്ത്രാലയം വരുത്തിയത്. ഇതോടെ പ്രതിമാസം കടമെടുക്കാന്‍ കഴിയുന്ന തുക  ശരാശരി 2200 കോടിയായി ചുരുങ്ങിയിരുന്നു. തുക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തെ നിര്‍മല സീതാരാമനെ കണ്ടിരുന്നു. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നതാണ് കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാരണമായി പറഞ്ഞത്.

രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിന് പുറമെ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കൂടും. ഇതിന് പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇതൊക്കെയാണ് വീണ്ടും കടമെടുക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്നത്.

ENGLISH SUMMARY:

The Kerala government has decided to borrow an additional ₹3,700 crore through a bond auction on March 24, 2026. This brings the total debt for the current fiscal year to ₹49,547 crore. Despite central government restrictions on borrowing limits due to off-budget borrowings by KIIFB, the state is forced to seek more loans to cover pensions, salaries, and pending contractor bills as the financial year ends.