riyas-shyamala

ഭരണത്തുടര്‍ച്ചയ്ക്കും ഒരു തുടര്‍ച്ചയെന്ന ചരിത്രലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണം.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത മണിക്കൂറുകളില്‍ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട്  പ്രചാരണക്കളം ആദ്യം പിടിച്ചതും ഇടതുമുന്നണിയാണ്.  വികസനക്കണക്ക് എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ തുറന്നുകാട്ടിയുമാണ് പ്രചാരണം. 

രാവിലെ മുതല്‍ ഗൃഹ സന്ദര്‍ശനമായും, വാഹന പ്രചാരണമായും, പ്രകടനങ്ങളായും ഇടത് സ്ഥാനാര്‍ഥികള്‍ കളം നിറയുകയാണ്. .. തളിപ്പറമ്പില്‍ പി.കെ ശ്യാമള വിവാദങ്ങള്‍ക്കിടെ പ്രചാരണം ശക്തമാക്കുകയാണ്. ടി.കെ ഗോവിന്ദന്‍റെ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം ശ്യാമളയ്ക്ക് കവചം തീര്‍ക്കുക കൂടിയാണ് സിപിഎം. രാവിലെ ഗൃഹ സന്ദര്‍ശനത്തിന് പിന്നാലെ പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കിലെ ജീവനക്കാരെ കണ്ട് ശ്യാമള വോട്ടഭ്യര്‍ഥിച്ചു.

കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രചാരണത്തില്‍ മുന്നിലാണ്. രാവിലെ ബേപ്പൂര്‍ ഹാര്‍ബറിലെത്തിയ റിയാസ് വോട്ടര്‍മാരെ കണ്ടു. വികസന നേട്ടങ്ങളാണ് പ്രചാരണായുധം. ഒല്ലൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ. രാജനും പ്രചാരണത്തിരക്കിലാണ്.  ഹാട്രിക് വിജയത്തിനായി കെ.രാജന്‍ ജനവിധി തേടുമ്പോള്‍ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനവും വികസനവും എണ്ണിപ്പറഞ്ഞാണ് വോട്ടഭ്യര്‍ഥിക്കുന്നത്. പരമാവധി അടിത്തട്ടില്‍ പാര്‍ട്ടിയെ ചലിപ്പിച്ചാണ് ഓരോ ജില്ലയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണക്കളം സജീവമാക്കുന്നത്. പാര്‍ട്ടികള്‍ നേരത്തെ മുതല്‍ മുന്നൊരുക്കം നടത്തിയത് സ്ഥാനാര്‍ഥികള്‍ക്ക് ഗുണമായി.

ENGLISH SUMMARY:

Kerala LDF candidates are campaigning with the historical goal of continuity of governance. The Left Democratic Front was the first to dominate the campaign field by releasing their candidate list within hours of the election announcement.