ഏപ്രിൽ 9 ന് വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നതിന് മുൻപ് വോട്ടർമാർ അറിഞ്ഞിരിക്കേണ്ട ചില പുതിയ മാറ്റങ്ങളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനത്തിനൊപ്പം ഇത്തവണ വോട്ടെടുപ്പിനായി ക്രമീകരിച്ചിരിക്കുന്ന 30 പുതിയ സംരംഭങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പുകളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടുള്ള പുതിയ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയ ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിന്‍റെ കൂടി ഭാഗമാണ്. കമ്മീഷൻ അവതരിപ്പിച്ച പ്രധാന മാറ്റങ്ങളിൽ ഒന്ന് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നതാണ്. പോളിങ് ബൂത്തുകൾക്ക് പുറത്ത് മൊബൈൽ ഫോണുകൾ നിർബന്ധമായും സൂക്ഷിക്കണം. ഫോണുകൾ നിക്ഷേപിക്കാനായി പ്രേത്യക സൗകര്യം ഒരുക്കും. വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ ഫോട്ടോയോ, വിഡിയോയോ ചിത്രീകരിക്കുന്നത് തടയുന്നതിനും ബാലറ്റിലെ സ്വകാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
വോട്ടർമാർക്ക് സ്ഥാനാർത്ഥികളെ എളുപ്പത്തിൽ തിരിച്ചറിയാനായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎമ്മുകൾ) സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോഗ്രാഫുകൾ പ്രദർശിപ്പിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി, എല്ലാ പോളിങ് സ്റ്റേഷനിലും പരമാവധി വോട്ടർമാരുടെ എണ്ണം 1,200 ആയി കമ്മീഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ നടപടി പോളിങ് ബൂത്തുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടെടുപ്പിന്‍റെ സുതാര്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള മറ്റൊരു നടപടിയായി, തിരഞ്ഞെടുപ്പ് നിയമങ്ങൾക്കനുസൃതമായി, പോളിങ് സ്റ്റേഷനിൽ നിന്ന് 100 മീറ്ററിനപ്പുറം മാത്രമേ സ്ഥാനാർത്ഥികളുടെ സൗകര്യ ബൂത്തുകൾ അനുവദിക്കൂ. വോട്ടർമാരുടെ സ്ലിപ്പുകൾ ഇത്തവണ കൂടുതൽ വ്യക്തയുള്ളവ ആയിരിക്കും. ബിഎൽഒമാരുടെ ഐഡി കാർഡുകളിലും മികച്ച മാറ്റങ്ങളുണ്ടാകും.
വോട്ടെടുപ്പ് ദിവസങ്ങളിൽ പോളിങ് നടപടിക്രമങ്ങളുടെ നിരീക്ഷണം ഉറപ്പാക്കാൻ, എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നിലധികം തിരഞ്ഞെടുപ്പ് കമ്മീഷൻ ആപ്ലിക്കേഷനുകളുടെ സേവനങ്ങൾ സംയോജിപ്പിക്കുന്ന ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ECINET ആപ്പും കമ്മീഷൻ അവതരിപ്പിച്ചിട്ടുണ്ട്.
ECINET വഴി, വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പങ്കാളികൾക്കും ഒരൊറ്റ, ഇന്‍റർഫേസിലൂടെ വിവിധ തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാകും. പോളിംഗ് ശതമാന ട്രെൻഡുകളെക്കുറിച്ചുള്ള സമയബന്ധിതമായ അപ്‌ഡേറ്റുകൾ നൽകുന്നതിന് സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസർ ഓരോ രണ്ട് മണിക്കൂറിലും വോട്ടെടുപ്പ് അവസാനിച്ച ഉടനെയും ബൂത്ത് വിടുന്നതിന് മുമ്പും വോട്ടർമാരുടെ വോട്ടെടുപ്പ് ഡാറ്റ ECINET-ൽ നേരിട്ട് അപ്‌ലോഡ് ചെയ്യണം.
ബിഎൽഒ, സൂപ്പർവൈസർ, എഇആറോ, ഇആറോ എന്നിവരുടെ പ്രതിഫലവും ഉയർത്തും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും വോട്ടർമാരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ പറയുന്നു.