tourism

പാചകവാതക വിതരണത്തിലെ പ്രതിസന്ധി വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയെന്നാണ് വിനോദസഞ്ചാര വകുപ്പിൻ്റെ കണക്ക്. മുൻകൂർ മുറികൾ ബുക്ക് ചെയ്തിരുന്ന വിദേശികളെ ഉൾപ്പെടെ പലരെയും ഗ്യാസ് പ്രതിസന്ധി കാരണം തിരിച്ചയക്കേണ്ട സാഹചര്യമെന്ന് ഹോട്ടലുടമകൾ. 

സഞ്ചാരികളുടെ വരവ് കാത്തിരിക്കുന്ന ഇടങ്ങളിൽ ഭാഗികമായെങ്കിലും നിരാശക്കോളാണ്. യാത്രയ്ക്ക് ബാഗ് ഒരുക്കുന്നവരോട് തൽക്കാലം പൂർണതോതിൽ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറഞ്ഞ് തുടങ്ങി. സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് ചലനമുറപ്പാക്കേണ്ട ഇടങ്ങളിൽ പലതിനും താഴ് വീഴുന്ന സ്ഥിതിയാണ്. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി തന്നെയാണ് ഇവിടെയും സഞ്ചാരികളുടെ വരവിന് തടയിടുന്നത്. ഇഷ്ടഭക്ഷണം തീൻമേശയിൽ ഉറപ്പാക്കുന്നതിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഊർജമാവേണ്ടത് ഗ്യാസാണ്. ബദൽ സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടലുകൾ പലതും താൽക്കാലികമായി അടച്ചിടേണ്ട സ്ഥിതിയാണ്.

ഗ്യാസ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളായി തിരിച്ചുള്ള കണക്കാണിത്. ഇന്ധന വിതരണ പ്രതിസന്ധി പൂർണമായും ഒഴിയാതെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ബദൽ മാർഗമില്ലെന്നതാണ് യാഥാർഥ്യം. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ യുദ്ധമെന്ന് ആശ്വസിച്ചിരുന്ന സാഹചര്യത്തിൽ യുദ്ധത്തിൻ്റെ തീവ്രത മറ്റൊരു അടയാളമായി വരുമ്പോൾ ഇടതടവില്ലാതെയുള്ള സഞ്ചാരി വരവിന് പ്രതിസന്ധി നീങ്ങിയേ മതിയാവൂ.

ENGLISH SUMMARY:

The gas crisis in Kerala is severely impacting the tourism sector, with numerous hotels forced to suspend operations. This shortage is causing distress for both hotel owners and potential tourists, leading to cancellations and a decline in visitor numbers.