പാചകവാതകത്തിന് ക്ഷാമമായതോടെ വിറകിന്റെ വിലയും കുത്തനെ ഉയർന്നു. സുലഭമായിരുന്ന വിറക് ആവശ്യക്കാർ ഏറിയതോടെ ഇപ്പോൾ കിട്ടാനുമില്ല. പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം കേരളത്തിലെ വിറക് വിപണിയിലും തീ പടർത്തുകയാണ്. ഗ്യാസ് ലഭ്യത കുറയുന്നതോടെ ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറക് അടുപ്പുകളിലേക്ക് മാറാൻ തുടങ്ങിയത് വിപണിയിൽ വിറകിന്റെ ആവശ്യകത കൂട്ടിയെന്നു തടി മില്ലുടമകൾ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിറകിന് ടണ്ണിന് 200 മുതൽ 500 രൂപ വരെയാണ് വർധിച്ചത്. മൂവാറ്റുപുഴ മേഖലയിൽ കൈവിറകിന് ടണ്ണിന് 2500 മുകളിലേക്കും റബർ വിറകിന് 3000 ന് മുകളിലേക്കുമാണ് തുക ഈടാക്കുന്നത്. അതേസമയം തമ്മനത്തു വിറകിന് കിലോയ്ക്10 രൂപയാണ്. അറക്കപ്പൊടിയുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. മുമ്പ് ചാക്ക് വില 50 മുതൽ ഉണ്ടായിരുന്നത് ഇപ്പോൾ 150 രൂപയ്ക്ക് മുകളിലെത്തി. അറക്കപ്പൊടി വരെ വലിയ കട്ടകളാക്കി ഫാക്ടറികൾ ഇന്ധനമായി ഉപയോഗിച്ചു തുടങ്ങി. തമ്മനം ഭാഗത്തെ മില്ലുകളിൽ വില കൊടുത്താൽ പോലും വിറക് കിട്ടാനില്ലാത്ത അവസ്ഥയെന്ന് ആവശ്യക്കാർ.
യുദ്ധ സാഹചര്യം തുടരുകയും പാചകവാതക ക്ഷാമം നീളുകയും ചെയ്താൽ വരും മാസങ്ങളിൽ വിറകിന്റെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ വിറകിന്റെ വില വർധിച്ചത് (ടണ്ണിന് )200 to 500