ഗൾഫിലെ യുദ്ധഭീതി നീങ്ങിത്തുടങ്ങിയതോടെ കരിപ്പൂർ  വിമാനത്താവളത്തിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണവും കൂടിത്തുടങ്ങി. ഇന്നലെ 23 രാജ്യാന്തര  സർവീസുകൾ നടന്നു. സർവീസുകളുടെ എണ്ണം കുറഞ്ഞത് മറയാക്കി വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി ആക്ഷേപം.

മസ്‌കത്തിലേക്കും തിരിച്ചുമായി ഒൻപത് സർവീസുകളും റിയാദിലേക്ക് നാലു സർവീസുകളും ശനിയാഴ്ച മാത്രം നടന്നു. ജിദ്ദ, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് 2 വീതവും സർവീസ് നടന്നു.  ഗൾഫ് സർവീസുകൾക്കു പുറമേ, ക്വാലലംപുർ സർവീസിനും തടസമുണ്ടായില്ല. ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ അറേബ്യ, സലാം എയർ, ഫ്ലൈ ദുബായ്, സൗദി എയർലൈൻസ്, എയർ ഏഷ്യ, ഫ്ലൈ നാസ്, ഒമാൻ എയർ തുടങ്ങി കമ്പനികളെല്ലാം സർവീസ് സജീവമാക്കി.

എങ്കിലും   വിവിധ ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിൽ എത്തേണ്ട 16 വിമാനങ്ങളും കരിപ്പൂരിൽനിന്നു പുറപ്പെടേണ്ട 17 സർവീസുകളും ഇ റദ്ദാക്കിയിട്ടുമുണ്ട്. മാർച്ച് ഒന്നിന് പതിനാറായിരം രൂപ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് യുദ്ധത്തിന്റെ പേരിൽ ഇപ്പോൾ 26000 മുതൽ 30000 വരെയായി ഉയർത്തിയിട്ടുണ്ട്. സ്പെഷ്യൽ പാക്കേജ് ആയി ടിക്കറ്റ് എടുത്തവർക്ക് മറ്റൊരു ദിവസം യാത്ര ചെയ്യാൻ വിമാന കമ്പനികൾ അനുവദിക്കുന്നില്ല എന്നും പരാതിയുണ്ട്. യുദ്ധഭീതി നീങ്ങിയതോടെ  കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നത്  പഴം, പച്ചക്കറി കയറ്റുമതി സഹായകമാവും.

ENGLISH SUMMARY:

Karipur Airport is witnessing an increase in Gulf flight services as the war threat in the Gulf subsides. This surge in international flights is also expected to boost exports of fruits and vegetables from the region.