അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അസുഖമായിരുന്നപ്പോള്‍ പിണറായി വിജയന്‍ പതറിപ്പോവുന്നത് താന്‍ കണ്ടിട്ടുണ്ടന്ന് മന്ത്രി സജി ചെറിയാന്‍. കണ്ണിരിലെ വേദിയില്‍ അദ്ദേഹം പ്രസംഗം നിര്‍ത്തിപ്പോയെന്നും പിന്നാലെ ചെന്ന് തളരരുതെന്ന് താന്‍ പറഞ്ഞുവെന്നും സജി ചെറിയാന്‍ പറഞ്ഞു. മനോര ന്യൂസിന്‍റെ 'മന്ത്രിക്ക് മാര്‍ക്കെത്ര' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.
'കോടിയേരി സഖാവിന് അസുഖം വരുമ്പോൾ ഞാൻ കണ്ട കാഴ്ചയുണ്ട്. കണ്ണൂരില്‍ പിണറായി വിജയന്‍ പ്രസംഗിക്കുകയാണ്. മുഖം വല്ലാതായി. ഹൃദയത്തില്‍ പ്രയാസം വന്നിട്ട് പ്രസംഗം നിര്‍ത്തി. തൊട്ടുപുറകിലാണ് ഞാന്‍ ഇരിക്കുന്നത്. എനിക്ക് ഇദ്ദേഹത്തിന്‍റെ മാനസികാവസ്ഥ നന്നായി അറിയാം. വല്ലാത്ത അവസ്ഥയായെന്ന് മനസിലായി. അങ്ങനെ പതറുന്ന ആളല്ല. പക്ഷേ അവിടെ പതറിപ്പോയി. പുള്ളി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഞാന്‍ കൂടെ ഇറങ്ങി. പുള്ളിക്ക് ഒരു സപ്പോര്‍ട്ട് വേണം എന്ന് എനിക്ക് മനസിലായി. ഞാന്‍ ചെന്ന് കയ്യില്‍ പിടിച്ചു. അത് അദ്ദേഹം മറന്നുകാണില്ല, എന്നെ നോക്കി. സഖാവ് തകർന്നാൽ കേരളത്തിലെ ജനങ്ങളും പാർട്ടിയും തകരും, ഇതൊരു പ്രതിസന്ധിയാണ്, ഇതിനെ അതിജീവിക്കാന്‍ നിങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. ആ മനസ് എനിക്കറിയാം,' സജി ചെറിയാന്‍ പറഞ്ഞു.
ആരും പുകഴ്ത്തുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. നിങ്ങള്‍ പുകഴ്ത്തണ്ട എന്ന് അദ്ദേഹം തന്നെ പറയും. പിന്നെ പറയുമ്പോള്‍ മുഖം ഒന്ന് തുടിക്കും. താന്‍ രാഷ്ട്രീയ ജീവിതത്തില്‍ ആരേയും ഉപദ്രവിക്കുകയുമില്ല, ദ്രോഹിക്കുകയുമില്ല, ആ ഉപദേശം എനിക്ക് തന്നത് പിണറായി വിജയനാണ്. അദ്ദേഹത്തിന് എല്ലാ കാര്യത്തിനും ചിട്ടവട്ടമുണ്ട്. ഭക്ഷണം കഴിക്കുന്നിടത്ത് കൊച്ചുവര്‍ത്തമാനം പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. ചൂര മീന്‍ വിവാദം ആവശ്യമില്ലാത്തത്. അദ്ദേഹം അങ്ങനെ കഴിക്കുന്ന ആളല്ല. അദ്ദേഹം ആറ് മാസം വെജിറ്റേറിയനാണ്. മൂന്ന് മാസമേ മത്സ്യമാംസാദികള്‍ കഴിക്കൂ. ആറേഴ് മാസം ശുദ്ധ വെജിറ്റേറിയനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.