veena-george-cpm-ksu-2

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‍യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് സിപിഎം. എം.വി.ജയരാജന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മന്ത്രിയുടെ കഴുത്തിന് സമീപം കരിങ്കൊടിയെത്തുന്നതാണ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. Also Read: മന്ത്രി വീണയുടെ പരുക്ക് എയിംസിലെ വിദഗ്ധര്‍ പരിശോധിക്കണം: കെ.മുരളീധരന്‍ 

എന്നാല്‍ സിപിഎം വാദം തള്ളുന്ന ദൃശ്യങ്ങള്‍ കെഎസ്‍യു പുറത്തുവിട്ടു. മന്ത്രിക്കൊപ്പമുള്ള ഗണ്‍മാന്റെ കറുത്ത ഉടുപ്പാണിതെന്ന് കെഎസ്‍യു വിശദീകരിക്കുന്നു. ആരോഗ്യമന്ത്രി അഭിനയ റാണിയെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ കയ്യില്‍ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍. ഷംസീര്‍ ആണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.  പരുക്കേറ്റെന്ന് കള്ളം പറയുന്ന ആരോഗ്യമന്ത്രി മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, വീണാ ജോര്‍ജിന്റേത് അഭിനയമെന്ന  മറുപടിയുമായി വി.ഡി.സതീശന്‍. ആരോഗ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത് പൊലീസാണ്. മന്ത്രിയുടെ കൈയ്യില്‍ പരുക്ക് മുന്‍പേയുണ്ട്. കെഎസ്‍യുക്കാര്‍ ആക്രമിച്ചതായി മുഖ്യമന്ത്രിയോട്പറഞ്ഞില്ല. ഗൂഢാലോചന നടത്തിയത് സ്പീക്കര്‍ ഷംസീറാണെന്നും വിഡി സതീശന്‍ പറഞ്ഞു. 

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ബോധപൂര്‍വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വനിതാമന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ഇതാദ്യമെന്നും വീട്ടില്‍ റീത്ത് വച്ചതിന് തുടര്‍ച്ചയായാണ് ആക്രമണം എന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ആസൂത്രിതമായ വധശ്രമമാണ് ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായതെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. കഴിഞ്ഞദിവസം വീണാ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വച്ചത് മരിച്ചെന്ന പ്രതീതിയുണ്ടാക്കാനാണെന്നും എം.വി.ജയരാജന്‍ ആരോപിച്ചു. ആരോഗ്യ മന്ത്രിക്ക് നേരെയുള്ള കൈയേറ്റം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പ്രതികരിച്ചു. വനിതാ മന്ത്രിക്കെതിരായ ആക്രമണം കെപിസിസി നൽകിയ കരാർ പണിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. 

ENGLISH SUMMARY:

The CPM claims that there is video evidence showing Veena George, the Health Minister, being attacked by Kerala Students Union activists. CPM leader M. V. Jayarajan released the footage. In the video, a black object is seen near the minister’s neck. However, the KSU has released counter-footage dismissing the CPM’s claim, stating that the black object seen near the minister is actually the clothing of the gunman accompanying her.