kid-death
  • കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം
  • കുത്തിവയ്പ്പിനു പിന്നാലെ കുഞ്ഞ് അബോധാവസ്ഥയിലായി
  • ആര്യനാട് പൊലീസ് കേസെടുത്തു

തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസാപ്പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. ആര്യനാട് സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ. ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ വെള്ളിയാഴ്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയത്. ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവി പിടിച്ച ശേഷം രണ്ട് കുത്തി വയ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെയും പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് ആര്യനാട് പൊലീസ് കേസെടുത്തു. 

അതേസമയം ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മ ഉഷ ജോസഫിന്റെ വയറ്റില്‍നിന്ന് അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉപയോഗിച്ച കത്രിക കണ്ടെത്തിയ കേസിൽ മെഡിക്കോ - ലീഗൽ വിദഗ്ധസമിതി രൂപീകരിക്കാൻ പൊലീസ് ഇന്ന് ആരോഗ്യ വകുപ്പിന് കത്ത് നൽകും. കേസന്വേഷണം നടത്തുന്ന അമ്പലപ്പുഴ DySP കെ.എൻ. രാജേഷ് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കത്ത് നൽകുക. ഡി എം ഒ ആണ് സമിതി രൂപീകരിക്കുന്നത്. ആരോഗ്യ വിദഗ്ധർ, ഡോക്ടർമാരുടെ പ്രതിനിധി, ജില്ലാ ഗവൺമെൻ്റ് പ്ലീഡർ എന്നിവരടക്കമുള്ളവർ ഈ സമിതിയിൽ ഉണ്ടാകും.

ഈ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ആളുകളെ കേസിൽ പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. ഉഷയുടെ ബന്ധു നൽകിയ പരാതിയിൽ ശസ്ത്രക്രിയ നടക്കുമ്പോൾ  യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതിയാക്കിയാണ് FIR റജിസ്റ്റർ ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. ഡോ. ലളിതാംബികയുടെ മൊഴി രേഖപ്പെടുത്തേണ്ടതില്ല എന്നാണ് പൊലീസ് പറയുന്നത്. ഗുരുതര വീഴ്ച ഉണ്ടായി എന്ന വിലയിരുത്തൽ ഉള്ളപ്പോൾ തന്നെ ആരാണ് ഉത്തരവാദി എന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. ഉഷയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത ശസ്ത്രക്രിയാ ഉപകരണം മുഖ്യ തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Kattakkada Child Death: Medical Negligence Alleged at Private Hospital:

A child's death in Kattakkada due to alleged medical negligence has sparked an investigation. The incident, involving a two-and-a-half-year-old girl, has led to an unnatural death case being registered by the police.