ഇടുക്കി തൊടുപുഴയിൽ പിഡബ്ല്യുഡിയുടെ ഗുരുതര അനാസ്ഥയെ തുടർന്ന് റോഡരികിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ പിഡബ്ല്യുഡി എടുത്ത കുഴിയിൽ വീണായിരുന്നു അപകടം.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് മുതലക്കോടത്തെ വീട്ടിലേക്ക് പോകുംവഴി നിയന്ത്രണംവിട്ട ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെയ്സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കലുങ്ക് നിർമ്മാണത്തിനായി പിഡബ്ല്യുഡി വർഷങ്ങൾക്ക് മുമ്പ് എടുത്ത കുഴി ഇതുവരെ മൂടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു അനാസ്ഥയിൽ പ്രതിഷേധിച്ച് തൊടുപുഴയിലെ പിഡബ്ല്യുഡി ഓഫീസ് UDF പ്രവർത്തകർ ഉപരോധിച്ചു. ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടത്തിൽ ജെയ്സിന്റെ ജീവൻ പൊലിഞ്ഞത്