• നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി
  • സര്‍വേ നിയമവിരുദ്ധമെന്ന് കോടതി
  • രാഷ്ട്രീയ ക്യാംപെയിനുകളുടെ മറവില്‍ സര്‍വേ പാടില്ല

സംസ്ഥാന സർക്കാരിന് വന്‍ തിരിച്ചടിയായി നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ദുരുപയോഗം ചെയ്ത് നടത്തുന്ന സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാമെന്ന് ആരോപിച്ച്  പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

 

 സർവേ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 2030-ൽ കേരളം എങ്ങനെയായിരിക്കണം എന്ന വിഷയമാണ് സർവേയുടെ പിന്നിലുള്ള ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.  

 

 

സര്‍വേയ്ക്കായി നാഷണല്‍ സര്‍വീസ് സ്കീം വൊളന്‍റിയര്‍മാരെ   ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസ്സിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണായിരുന്നു അധ്യാപകരുടെ വാദം. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിനായി വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

 

നവകേരള സൃഷ്ടിയാണ് ഫോക്കസ് എന്ന് പറയുമ്പൊഴും  മുഖ്യമന്ത്രിയുടെ ആമുഖ കത്തും സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്‍റിയര്‍മാര്‍ സര്‍വേയ്ക്ക് എത്തുന്നത്. അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. പുതിയ വികസന പദ്ധതികള്‍സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ? കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിക്കാം? ഇവയാണ് സാംപിള്‍ ചോദ്യങ്ങള്‍.

 

ENGLISH SUMMARY:

The High Court of Kerala has cancelled the Nava Kerala Survey, marking a major setback for the state government. The court observed that the survey was illegal and violated financial regulations, as noted by the Division Bench headed by the Chief Justice. The government had explained that the objective of the survey was to determine how Kerala should look in 2030. However, Opposition Leader V. D. Satheesan and others had earlier objected to the initiative.