ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് സ്പെഷൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. പത്ത് ശതമാനം അധികത്തുകയ്ക്ക് ഊരാളുങ്കലിന്‍റെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്ക് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെയെന്നും കണ്ടെത്തല്‍. അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ പിന്മാറിയത് ശബരിമല സ്വർണക്കൊള്ള വിവാദം കൊണ്ടാണെന്ന് ദേവസ്വം ബോർഡും കണക്കിലെ പൊരുത്തക്കേട് പറയേണ്ടത് ഞാനല്ലെന്ന് മന്ത്രി വി.എൻ.വാസവനും വ്യക്തമാക്കി.
കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടു ലക്ഷമാണ് ചെലവാക്കിയത്. രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ സ്പോൺസർമാർ പിന്മാറിയതിന് പിന്നിൽ ശബരിമല സ്വർണക്കൊള്ള വിവാദമെന്ന വിശദീകരണമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്.
വിവിധ സ്ഥാപനങ്ങളും വ്യക്തികളും വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ നൽകാൻ പലരും വിസമ്മതിച്ചുവെന്നാണ് വാദം. കൊടുത്ത പണത്തിന് പോലും മതിയായ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ബോർഡിൻ്റെ വിശദീകരണം. അയ്യപ്പ സംഗമം നടത്തിപ്പ് വിവാദത്തിന് ബോർഡ് കോടതിയിൽ മറുപടി പറയുമെന്ന് മന്ത്രി വി.എൻ.വാസവൻ. എല്ലാം സുതാര്യമെന്ന് ബോർഡും സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രിയും പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ദേവസ്വം ബെഞ്ച് കണക്കുകൾ ഇഴകീറി പരിശോധന തുടങ്ങിയിട്ടുണ്ട്.