നടി ശോഭനയ്ക്ക് കാലടി സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് (Doctor of Letters or Doctor of Literature) ബഹുമതി തല്‍ക്കാലം നല്‍കില്ല. സാമ്പത്തിക പ്രതിന്ധിയാണ് കാരണമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.കെ. ഗീതാകുമാരി മനോരമ ന്യൂസിനോടു പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 2021ലാണ് ശോഭനയ്ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ചത് .
ഡി ലിറ്റ് സമ്മാനിക്കാന്‍ 15 ലക്ഷംരൂപ ചെലവാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പെൻഷൻ വിതരണം പോലും പ്രതിസന്ധിയിലാണ്. സംസ്ഥാന ധനമന്ത്രിയോട് നേരിട്ട് പലവട്ടം സഹായം തേടിയിട്ടും തീരുമാനമായിട്ടില്ല. ഡി.ലിറ്റ് സമര്‍പ്പണം ചർച്ച ചെയ്യാൻ ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വെളിപ്പെടുത്തി.
ശോഭനയ്ക്ക് പുറമേ സംസ്കൃതപണ്ഡിതനും സംസ്കൃതസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എന്‍.പി.ഉണ്ണി, സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ എന്നിവര്‍ക്കും ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ 2021 ഒക്ടോബറില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. അക്കാദമിക് കൗണ്‍സിലും ഇതിന് അനുമതി നല്‍കി. സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം സര്‍വകലാശാലയില്‍ ഒരു ചടങ്ങിനെത്തിയ ശോഭന തന്നെയാണ് സൗഹൃദസംഭാഷണത്തിനിടെ ഡി ലിറ്റിന്‍റെ കാര്യം സൂചിപ്പിച്ചത്. ഗവർണറുടെ സമയം ലഭിക്കാത്തതിനാലാണ് ഡി.ലിറ്റ് നല്‍കാതിരുന്നതെന്നാണ് മുൻ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടിന്‍റെ നിലപാട്. ഗവര്‍ണര്‍ക്ക് കത്തയക്കുകയും മൂന്നുപേരുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. പക്ഷേ ഗവര്‍ണറുടെ സമയം ലഭിച്ചില്ലെന്നും മുന്‍ വിസി പറയുന്നു.