131-മത് മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കമായി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം പേർക്കിരിക്കാവുന്ന തരത്തിലാണ് പന്തലുകൾ ക്രമീകരിച്ചിരിക്കുന്നത്.
പമ്പ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഓലമേഞ്ഞ പന്തലിൽ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പ്രവേശനം. വിവിധ കാരണങ്ങൾ പറഞ്ഞ് മനുഷ്യരെ വേലികെട്ടി അകറ്റി നിർത്തുകയല്ല, മറിച്ച് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുക എന്നതാണ് മാനവികതയുടെ അടിസ്ഥാനമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.
സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ആൻ്റോ ആൻ്റണി എംപി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. അടുത്ത ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടക്കുന്ന യോഗത്തോടെ കൺവെൻഷൻ സമാപിക്കും.