അഞ്ചു ദിവസം ജോലി, രണ്ടുദിവസം അവധി എന്നത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോഴും അവധി ദിവസങ്ങളുടെ എണ്ണം കീറാമുട്ടിയാകുന്നു. 20 കാഷ്വല്‍ ലീവ് കുറക്കേണ്ടിവരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍, പറ്റില്ലെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. ചില പൊതുഅവധികളും പ്രദേശിക അവധികളും വേണ്ടെന്നും വെക്കേണ്ടിയും വരും.
അഞ്ചുദിവസം ജോലി – രണ്ടു ദിവസം അവധി, ഇടത് വലത് സര്‍വീസ് സംഘടനകള്‍ക്ക് ഒരുപോലെ സ്വീകാര്യം. എന്നാല്‍ നിലവിലെ അവധി കുറക്കാനാവില്ലെന്ന ഉറച്ചനിലപാടിലാണ് സംഘടനകളും ജീവനക്കാരും. 20 കാഷ്വല്‍ലീവാണ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍ ശനിയും ഞായറും അവധിയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8 കാഷ്വല്‍ലീവ് മാത്രമെയുള്ളൂ. സംസ്ഥാനത്തും ആഴ്ചയില്‍ രണ്ട് അവധി നല്‍കിയാല്‍ലീവിന്‍റെ എണ്ണവും കുറക്കേണ്ടിവരും. ഇതാണ് അഞ്ചു പ്രവൃത്തി ദിവസം നടപ്പാക്കുന്നതിലെ കീറാമുട്ടി.
പൊതുഅവധികള്‍, പ്രാദേശിക അവധികള്‍ , നിയന്ത്രിത അവധികള്‍ എന്നിവയിലും കുറവുവന്നേക്കാം. ഇതിനും ജീവനക്കാര്‍ വഴങ്ങാനിടയില്ല. രണ്ടുദിവസം വില്ലേജ്, തഹസീല്‍ദാര്‍ ഒാഫീസുകളും കലക്ടറേറ്റുകളും ഉള്‍പ്പെടെ പ്രധാന ഒാഫീസുകള്‍ അടച്ചിടുന്നത് ജനങ്ങള്‍ സ്വീകരിക്കുമോ എന്ന ചര്‍ച്ചയും സര്‍ക്കാരില്‍ സജീവമാണ്. ആരോഗ്യ വകുപ്പുപോലുള്ള അതീവ പ്രധാന സര്‍വീസുകളിലെ ജീവനക്കാരുട കാര്യത്തിലും പ്രത്യേക തീരുമാനം വേണം. അഞ്ചര ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കണം, എന്നാല്‍ അവരുടെ എല്ലാ പിടിവാശികള്‍ക്കും മുന്നില്‍ വഴങ്ങാനുമാവില്ലെന്ന് ഭരണ നേതൃത്വത്തിന് അറിയാം.
തിരഞ്ഞെടുപ്പിന് മുന്‍പ് അഞ്ചു പ്രവൃത്തി ദിവസം പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാരിന്‍റെ രാഷ്ട്രീയ താല്‍പര്യം.പക്ഷെ അതിനു മുന്‍പ് ജീവനക്കാരുടെ സംഘടനകളുമായി സമവായത്തിലെത്താന്‍ കഴിയുമോ എന്നതാണ് ഇനി കാണേണ്ടത്. അതിനായി അനൗദ്യോഗിക ആശയവിനിമയവും സജീവമാണ്.