kb-ganeshkumar-solar-case

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് മന്ത്രിയായിരുന്ന ഗണേഷ് കുമാർ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് മുൻപഴ്സനൽ സ്റ്റാഫ് അംഗം സുധീർ മലയിലിന്റെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെയാണ് മൊഴി നൽകിയത്. 

സോളാർ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷും പ്രതികളായ ഗൂഢാലോചന കേസിൽ സാക്ഷിയാണ് സുധീർ. 2011 മുതൽ 13 വരെ സംസ്ഥാന മന്ത്രിയായിരുന്ന ഗണേഷിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു സുധീർ. പരാതിക്കാരിയുമായി ഗണേഷ് കുമാർ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബോധ്യപ്പെട്ടെന്നും മന്ത്രിയുടെ ഔദ്യോഗിക വസതികളിലും ഓഫിസുകളിലും അവർ നിത്യ സന്ദർശകയായിരുന്നുവെന്നും മൊഴിയിൽ ഉണ്ട്. 

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഗണേഷ് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുറന്നു രാജി വച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയെ സമീപിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ട് നടന്നില്ല.

മന്ത്രിയാക്കാത്ത ഉമ്മൻചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും പീഡനക്കേസിൽ കുടുക്കും എന്നും തന്നോട് പലവട്ടം പറഞ്ഞു എന്നും സുധീർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.സോളാർ കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുള്ള കേസിലാണ് ഗണേഷിന്റെ മുൻപഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മൊഴി.

ENGLISH SUMMARY:

Ex-staff member Sudheer Malayil testifies in court that Minister Ganesh Kumar conspired to trap former CM Oommen Chandy in a sexual harassment case over political grudge