medisep-government-employees

TOPICS COVERED

മെഡിസെപ്  ആനുകൂല്യം ഭാഗികമായി നിര്‍ത്തിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ രോഗികള്‍ പ്രതിസന്ധിയില്‍. രോഗികള്‍ ഏറ്റവും കൂടുതല്‍ വന്നിരുന്ന ആശുപത്രികളെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കിയത്.ഇതോടെ ഡയാലിസിസ് രോഗികളടക്കം ഉടന്‍ പണം കൊടുത്ത് ചികില്‍സിക്കേണ്ട സ്ഥിതിയാണ്. 

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിരമിച്ച അജിത് കുമാറിനെ സ്ഥിരമായി ഡയാലിസിസ് നടത്താറുള്ള കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി, പെട്ടെന്ന് ഒരു ദിവസം മെഡിസെപ് നിര്‍ത്തിയതായി അറിയിക്കുകയായിരുന്നു.സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും  പെന്‍ഷന്‍കാരില്‍ നിന്നും ഈമാസവും പ്രീമിയം തുകയായ 687 രൂപ ഈടാക്കിയിരുന്നതായും രോഗികള്‍ പറയുന്നു.  

മെഡിസെപുമായി എം പാനല്‍ ചെയ്ത ആശുപത്രികളിലേക്ക് കഴിഞ്ഞദിവസമാണ് ആനുകൂല്യം നിര്‍ത്തിവെച്ച് ഇ മെയില്‍ വന്നത്. പുറത്തായതിന്‍റെ കാരണം ആശുപത്രിക്കാര്‍ക്കും അറിയില്ല.

 ആദ്യഘട്ടത്തില്‍ 472 സ്വകാര്യാശുപത്രികളിലാണ് മെഡിസെപ് ഉണ്ടായിരുന്നതെങ്കില്‍  രണ്ടാം ഘട്ടത്തിലത്  433 ആയി കുറഞ്ഞു. സാങ്കേതിക തടസം കാരണമാണ് തല്‍ക്കാലം നിര്‍ത്തിവച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.  മെഡിസെപ്പിലൂടെ വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം 

ENGLISH SUMMARY:

Hundreds of government employees and pensioners are facing a crisis as several private hospitals have partially suspended Medisep benefits without prior notice. With many major hospitals removed from the empanelled list, patients, including those requiring regular dialysis, are forced to pay out of pocket. While premiums are still being collected, the government attributes the suspension to technical issues.