m-murali-passed-away

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. നാലുതവണ മാവേലിക്കരയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച മുരളി, വേറിട്ട ശൈലിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു. സംസ്കാരം നാളെ മാവേലിക്കരയിൽ നടക്കും.

വിവാഹവും മരണവും, മനുഷ്യരുടെ സുഖദുഃഖങ്ങളിലേക്ക് ജനപ്രതിനിധികൾ ഇറങ്ങിച്ചെന്ന് പങ്കാളിയാകുന്ന രീതിക്ക് തുടക്കം കുറിച്ചത് എം.മുരളിയാണ്. അത് മുരളിയിൽ നിന്ന് പലരിലേക്ക് പകർന്ന് ഇന്ന് ജനപ്രതിനിധികളുടെ പ്രവർത്തനരീതികളിൽ ഒന്നായി മാറി. അങ്ങനെ നോക്കിയാൽ കേരളത്തിൽ ഏറ്റവും അനുകരിക്കപ്പെട്ട നേതാവാണ് എം.മുരളി. കാറിൽ കയറാത്ത മുരളി മണ്ഡലത്തിന്‍റെ മുക്കും മൂലയിലും എത്തിയത് മുന്നിൽ കണ്ടവരുടെ സ്കൂട്ടറിന്റെ പിറകിലിരുന്നാണ്. ഒരു സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിലേക്ക് മാറി ജനഹൃദയങ്ങളെ തൊട്ടറിഞ്ഞു. 

1991 ൽ മാവേലിക്കരയിൽ നിന്ന് നിയമസഭ കയറിയ മുരളി 2011 വരെ ഇടവേളയില്ലാതെ ജനപ്രതിനിധിയായി തുടർന്നു. മാവേലിക്കര സംവരണ മണ്ഡലമായതോടെ കായംകുളത്തേക്കും ചെങ്ങന്നൂരിലേക്ക് മാറി പരീക്ഷിച്ച മുരളിക്ക് പരാജയം രുചിക്കേണ്ടിവന്നു. ബാലജനസഖ്യത്തിലൂടെ പിച്ചവച്ച്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് 1980 ൽ കെഎസ്‌യുവിന്റെ സംസ്ഥാന അധ്യക്ഷനായി. മലയാളം സർവ്വകലാശാല, ഐഎഎസ് മാതൃകയിൽ കെഎഎസ് തുടങ്ങി എത്രയോ ആശയങ്ങൾ മുരളിയുടെ സ്വകാര്യ ബില്ലുകളിലൂടെ ഉയർന്നു വന്നതാണ്. 

രാവിലെ ചെക്കപ്പിന് വന്ന്, ആശുപത്രിയിലേക്ക് നടന്നു കയറിപ്പോയ മുരളി ഏതാനും നിമിഷങ്ങൾക്കപ്പുറം കുഴഞ്ഞുവീണ മരിച്ചെന്ന് കേട്ട് നേതാക്കളും ഞെട്ടി. ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ എ.കെ.ആന്‍റണി ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

ENGLISH SUMMARY:

Former Mavelikkara MLA and veteran Congress leader M. Murali passed away at the age of 73. Known for his unique style of grassroots politics, Murali represented Mavelikkara for four consecutive terms from 1991 to 2011. He was the pioneer of the culture where people's representatives actively participated in the personal joys and sorrows of their constituents.