പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയെ തുടര്‍ന്നു പ്രതിസന്ധിയിലായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് വിശദീകരണവുമായി രംഗത്ത്. സാമ്പത്തിക ബാധ്യതയില്ലെന്നും കമ്പനിയുടെ ഒരു പ്രൊജക്ടിനെയും ചെയര്‍മാന്‍റെ മരണം ബാധിക്കില്ലെന്നും എം.ഡി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇ.ഡിയോ സി.ബി.ഐയോ കമ്പനിയെ കുറിച്ചന്വേഷിക്കുന്നില്ലെന്നും അവകാശവാദം. അതേ സമയം റോയിയുടെ മരണത്തെ കുറിച്ച് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചു. എസ്.ഐ.ടി. സംഘം അടുത്ത ദിവസം കൊച്ചിയിലേക്ക് പോകും.

ആദായ നികുതി വകുപ്പ് റെയ്ഡിനു പിറകെ രാഷ്ട്രീയ–സിനിമാ രംഗത്തുള്ള നിക്ഷേപകര്‍ പണം തിരികെ ചോദിച്ചത് സി.ജെ.റോയിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന സൂചകള്‍ എസ്.ഐ.ടിക്കു ലഭിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്ക വേണ്ടെന്നും കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നുമാണ് എം.ഡിയുടെ വിശദീകരണം. റോയി ബെംഗളുരുവിലെ ബിസിനസ് മാത്രമാണു നിയന്ത്രിച്ചിരുന്നത്. ബെംഗളുരുവിലെ പ്രൊജക്ടുകളെല്ലാം ഇതിനകം പൂര്‍ത്തിയാക്കിയതാണ്. കള്ളപ്പണമില്ലെന്നും സമൂഹമാധ്യമങ്ങളില്‍ റോയിയെയും കമ്പനിയെയും ചിലര്‍ വേട്ടയാടുന്നുവെന്നും എം.ഡി. കുറ്റപ്പെടുത്തി. റോയിയുടെ മരണത്തിന്‍മേലുള്ള അന്വേഷണം കൊച്ചിയിലേക്കു വ്യാപിപ്പിച്ചു. എസ്.ഐ.ടി. സംഘം കൊച്ചിയിലേക്കു പോകും. കടമോ വായ്പയോ ഇല്ലാത്ത കമ്പനിയെങ്ങനെയാണ് വമ്പന്‍ പ്രൊജക്ടുകള്‍ക്ക് പണം കണ്ടെത്തിയിരുന്നതെന്നും എസ്.ഐ.ടി. അന്വേഷണ പരിധിയിലുണ്ട്.

ENGLISH SUMMARY:

Confident Group has issued an explanation following the suicide of prominent businessman C.J. Roy. The company's MD stated in a video message that there are no financial liabilities and that the chairman's death will not affect any company projects