കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരുഹതകള്‍ തുടരുകയാണ്. സ്വയം വെടി വച്ച് മരിക്കുന്നതിന് മുൻപ് അദ്ദേഹം ചെയ്ത മൂന്നു ഇന്റർനെറ്റ് കോളുകളാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഒപ്പം കുടുംബപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതിനിടെ ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നാലെ ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിനു ചികിത്സ തേടിയതിന്‍റെ വിവരങ്ങളും എസ്ഐടിക്കു ലഭിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമെ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും എസ്ഐടി അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. നാലുമാസത്തിലേറെയായി റോയി വിഷാദത്തിനു ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് എസ്ഐടിക്ക് നൽകിയത്. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. അടുത്തിടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കടം വാങ്ങാതെയാണ് പ്രൊജക്ടുകൾ നടപ്പാക്കുന്നതെന്നു റോയി പലതവണ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പ എടുക്കുന്ന പതിവുമില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്നതും എസ്ഐടി സംഘം പരിശോധിക്കുകയാണ്.
അതേസമയം പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ ബന്ധിപ്പിക്കുന്നതില്‍ രൂക്ഷവിമർശനവുമായി നടി മായ മേനോൻ. ഇരുവരുടെയും ജീവിതസാഹചര്യങ്ങളും മരണകാരണങ്ങളും തികച്ചും വ്യത്യസ്തമാണെന്നും, സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുവരും മുൻപ് സാജനെപ്പോലൊരു പാവം മനുഷ്യനുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും താരം പറയുന്നു. തന്‍റെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ സർക്കാർ അനാസ്ഥ മൂലം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ നിൽക്കക്കള്ളിയില്ലാതെ ജീവനൊടുക്കിയതാണ് സാജൻ, അദ്ദേഹം സർക്കാർ ക്രൂരതയുടെ ഇരയാണെന്നും നടി ചൂണ്ടിക്കാട്ടി.
എന്നാൽ സി.ജെ. റോയിയുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ ഇനിയും ചുരുളഴിയാനുണ്ടെന്ന് മായ മേനോൻ പറയുന്നു. മാസങ്ങൾക്ക് മുൻപേ അദ്ദേഹം ആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നുവെന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നുണ്ടെന്നും, മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് ഇന്റർനെറ്റ് കോളുകൾ ഈ സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നും മായാ മേനോൻ പറയുന്നു. മരണം വരെ പണമെറിഞ്ഞ് സർക്കാരിനെയും മാധ്യമങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ള വ്യക്തിയായിരുന്നു റോയി എന്നും, എന്നാൽ സാജൻ ആരെയും ചതിക്കാത്ത നേരായ വഴിക്ക് നടന്ന മനുഷ്യനായിരുന്നുവെന്നും നടി പറയുന്നു.