കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79.03 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വികസന മാര്‍ഗരേഖയില്‍ മെട്രോ രണ്ടാംഘട്ടം നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. രണ്ടാംഘട്ടത്തിനായി 1,116 കോടിയുടെ വിദേശ വായ്പയ്ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ നിന്നാകും വായ്പയെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോപൊളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.
413.25 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയുടെ വിഹിതമായി വര്‍ധിപ്പിച്ചത്. പൈതൃക സാംസ്കാരിക ടൂറിസവും ഡെസ്റ്റിനേഷന്‍ ടൂറിസവും സംസ്ഥാനത്ത് വന്‍ വളര്‍ച്ച നേടിയെന്നും ബജറ്റില്‍ പറയുന്നു. കേരളം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. കേരള ടൂറിസം കോര്‍പറേഷന് 14.1 കോടി രൂപ വകയിരുത്തി. ധര്‍മടത്തിന് ചുറ്റും ബ്ലൂ–ഗ്രീന്‍ ഇന്‍റഗേറ്റഡ് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കും.പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൊല്ലം ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടിന്‍റെയും മലബാര്‍ സര്‍ക്യൂട്ടിന്‍റെയും നിര്‍മാണം പുരോഗമിക്കുന്നു. ഇതിന്‍റെ മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് 85 കോടി രൂപയും അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന് 20 കോടി രൂപ അനുവദിച്ചു. കേരളത്തിന്‍റെ പരമ്പരാഗത ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ആകർഷമാക്കുന്നതിന്റെ ഭാഗമായും സംസ്കാര സംരക്ഷണത്തിനുമുള്ള പ്രോത്സാഹന പദ്ധതിക്കായി 29 കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി 159 കോടി രൂപയും അനുവദിച്ചു.
സംസ്ഥാനത്തെ കായിക മേഖലയ്ക്കായി 220 കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്ത്, ഒരു കളിസ്ഥലം പദ്ധതിക്കായി 28 കോടിയും വകയിരുത്തി. ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിന് 17 കോടി രൂപയും സ്പോര്‍ട്സ് കൗണ്‍സിലിന് 42.6 കോടി രൂപയും അനുവദിച്ചു.