സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശുപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ ഇരകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശുപാർശ. കരട് ഭേദഗതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട് തേടി.
1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കരട് ബില്ലിലൂടെ കേരള നിയമ പരിഷ്കരണ കമ്മീഷൻ നിർദേശിക്കുന്നത്. നിലവിലെ നിയമപ്രകാരം സ്ത്രീധനം നൽകുന്നതും, വാങ്ങുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന കേസുകളിൽ പലപ്പോഴും വധുവിന്റെ കുടുംബം പരാതി നൽകാൻ മടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്കരണ കമ്മീഷൻ പുതിയ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്.
സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കരട് ബിൽ നിർദ്ദേശിക്കുന്നു. വരനോ അയാളുടെ ബന്ധുക്കളോ, വധുവിൽ നിന്നോ വധുവിന്റെ കുടുംബത്തിൽ നിന്നോ ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യുന്ന സ്വത്തോ, വിലപിടിപ്പുള്ള രേഖകളോ ആയി സ്ത്രീധനത്തെ പുനർനിർവചിക്കും. സ്ത്രീധനം വാങ്ങുന്നവർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികൾ കരട് ബില്ലിൽ ശുപാർശ ചെയ്യുന്നു.
'വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ടെൽമി ജോളി നൽകിയ ഹർജിയിലാണ് നടപടി. പൊതുതാൽപര്യ ഹർജി അടുത്ത മാസം 11ന് കോടതി വീണ്ടും പരിഗണിക്കും.