അഞ്ച് തവണ ചലാന്‍ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഗതാഗത കമ്മിഷണറുടെ പ്രസ്താവന തള്ളി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അങ്ങനെയൊരു തീരുമാനം സര്‍ക്കാരെടുത്തിട്ടില്ലെന്ന് മന്ത്രി ഫെസ്ബുക്കില്‍ കുറിച്ചു. കേന്ദ്രനിയമങ്ങള്‍ അതേപടി നടപ്പാക്കില്ല,  സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ നിയമം നടപ്പാക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എത്ര ചെറിയ നിയമലംഘനമാണെങ്കിലും വര്‍ഷം അഞ്ച് ചല്ലാന്‍ വന്നാല്‍ ലൈസന്‍സ് പോകുമെന്നാണ് ട്രാന്‍സ്പോര്‍ട്ട്  കമ്മിഷണര്‍ സി.എച്ച് നാഗരാജു മനോരമന്യൂസിനോട് പറഞ്ഞത്.  ചല്ലാന്‍ വന്ന് നാല്‍പത്തിയഞ്ച് ദിവസത്തിനകം അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും . ജനുവരി ഒന്ന് മുതലുള്ള ചലാനുകള്‍ക്കായിരിക്കും പുതിയ ചട്ടങ്ങള്‍ ബാധകമാവുക. അതിന് മുമ്പുള്ള ചലാനുകള്‍ അടച്ചില്ലെങ്കില്‍ വണ്ടി കസ്റ്റഡിയില്‍ എടുക്കില്ല. പക്ഷെ പരിവാഹന്‍ സര്‍വ്വീസുകളൊന്നും ലഭ്യമാകില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ലൈസൻസ് മൂന്നു മാസം വരെ സസ്പെൻഡ് ചെയ്യാൻ സാധിക്കും. മുൻ വർഷങ്ങളിലെ കുറ്റങ്ങൾ ഈ നടപടിയിൽ പരിഗണിക്കില്ല. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ആർ.ടി.ഒ-ക്കാണ് അധികാരം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് വാഹന ഉടമയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകും. ഉടമയുടെ വാദം കേൾക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ, 45 ദിവസത്തിനുള്ളിൽ അത് ഓൺലൈൻ പോർട്ടൽ വഴി ചോദ്യം ചെയ്യാനും വാഹന ഉടമക്കാവും.

ആര് വാഹനം ഓടിച്ചാലും കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്ത്വം വാഹന ഉടമക്കാണ്. അനധികൃത പാർക്കിങ്, വാഹന മോഷണം, അമിതവേഗത, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള വാഹനം ഓടിക്കൽ, സിഗ്നൽ തെറ്റിക്കൽ, പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ എന്നിങ്ങനെ 24 നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചിൽ കൂടുതൽ തവണ തെറ്റ് ചെയ്താൽ നടപടി ഉണ്ടാകും. ശ്രദ്ധയോടെ വാഹനം ഓടിച്ചാൽ ലൈസൻസ് നഷ്ടപ്പെടാതെ സംരക്ഷിക്കാം. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് നിയമ ഭേദഗതി.

ENGLISH SUMMARY:

Kerala Transport Minister K.B. Ganesh Kumar has rejected the Transport Commissioner’s claim that five challans in a year would lead to licence cancellation. The minister clarified that no such decision has been taken by the state government. He said central laws would not be implemented verbatim and enforcement would not burden common people. The clarification comes after the Transport Commissioner outlined strict rules on challan payment and vehicle seizure. Officials had said unpaid challans beyond 45 days could lead to seizure of vehicles. The government maintains that traffic laws will be enforced with a focus on public convenience and road safety.