പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വരവില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. സില്‍വര്‍ലൈനിന് പകരം കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള അതിവേഗ റെയിലിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും കരുതുന്നു.
പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടിക്കായുള്ള ആദ്യ വേദിയില്‍ നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. ഇതേ ചടങ്ങില്‍ ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും നടത്തും. ഇതിന് ശേഷം പുത്തരിക്കണ്ടത്ത് തന്നെ സജ്ജമാക്കിയ ബി.ജെ.പിയുടെ സമ്മേളന വേദിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, തലസ്ഥാന വികസനത്തിന്റെ ബ്ലൂപ്രിന്റ് പ്രകാശനം ചെയ്യുന്നതിനൊപ്പം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ രണ്ടുമണി വരെയാണ് നിയന്ത്രണം. ശംഖുമുഖത്തെ എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയ മുതല്‍ പുത്തരിക്കണ്ടം മൈതാനം നില്‍ക്കുന്ന കിഴക്കേകോട്ട വരെ പ്രധാനമന്ത്രി സഞ്ചരിക്കുന്ന റൂട്ടില്‍ ഉച്ചയ്ക്ക് രണ്ടുവരെ പാര്‍ക്കിങ്ങ് അനുവദിക്കില്ല. പ്രധാനമന്ത്രി സഞ്ചരിക്കുന്ന സമയത്ത് ഗതാഗതവും അനുവദിക്കില്ല.