തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് 40 വയസ്സ് പ്രായം തോന്നിക്കും. ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റെയില്‍വേ പൊലീസ് ഇടപെട്ട് വൈദ്യസഹായം ലഭ്യമാക്കി.

തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി .ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതി യാത്ര ചെയ്തിരുന്നത്. കാരയ്ക്കൽനിന്ന് വൈകിട്ട് 4.30നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.45നു എറണാകുളത്തെത്തും. തുടർന്ന് 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്.

കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാൻ എത്തിയവരാണ് ഇസൈവാണിയെ ട്രെയിനിനുള്ളിൽ കണ്ടത്. ഉറങ്ങുകയാണെന്നു കരുതിയെങ്കിലും സംശയത്തെ തുടര്‍ന്ന് യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇസൈവാണി യാത്രചെയ്തിരുന്നത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് കരുതുന്നത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

ENGLISH SUMMARY:

Train passenger death caused delays in Ernakulam. A woman was found dead on the Karaikkal Express, leading to disruptions in train schedules and investigations by railway authorities.