തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസന മാതൃകയാണ് പോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപിങ് മന്ത്രാലയത്തിന്‍റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര–വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല, കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം.
പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനകം വീട്, ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാ വീടുകളിലും കുടിവെള്ളം, സൂറത്ത് നഗരത്തിന്‍റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിന്‍റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം തുടങ്ങിയവ കോര്‍പറേഷന്‍ തയാറാക്കിയ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കായികമത്സരങ്ങളുടെ കേന്ദ്രമാക്കുകയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം , ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടസ്ഥാന സൗകര്യങ്ങള്‍ എന്നി പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036 ഒളിംപികിസില്‍ ചില ഇനങ്ങളില്‍ തിരുവനന്തപുരത്തെ വേദിയാക്കുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങള്‍ അടങ്ങുന്ന ബ്ലൂ പ്രിന്‍റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായി അടുത്തമാസം രാജ്യത്തെ പ്രധാന നഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികന കോണ്‍ക്ലേവ് സംഘടിപ്പിക്കും.