ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുമെന്ന് ജോസ് കെ മാണി. ലത്തീന്‍സഭയ്ക്കും സര്‍ക്കാരിനും ഇടയിലെ അനുരഞ്ജനം കൂടി ലക്ഷ്യമിട്ട് ജോസ് കെ മാണി കൊച്ചി രൂപത ആസ്ഥാനത്തെത്തി. എല്‍ഡിഎഫ് വിടാത്തതിന്‍റെ പേരില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നുവെന്ന റിപ്പോര്‍ട്ട് ജോസ് നിഷേധിച്ചു.
വിഴിഞ്ഞം വിഷയത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരിനോട് വിയോജിപ്പുള്ള ലത്തീന്‍സഭ ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ടിന്‍റെ പേരില്‍ നിലപാട് കടുപ്പിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്ന സഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ശുപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണെന്നാണ് കെഎല്‍സിഎ വ്യക്തമാക്കിയത്.
സഭയ്ക്കും സര്‍ക്കാരിനും ഇടയില്‍ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ജോസ് കെ മാണി കൊച്ചി ബിഷപ്പ് ഡോക്ടര്‍ ആന്‍റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ചത്. സൗഹൃദസന്ദര്‍ശനമായിരുന്നുവെന്ന് ബിഷപ്പ്. വിവിധ വിഷയങ്ങളില്‍ സഭയ്ക്ക് ആശങ്കകളുണ്ടെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്ന് ജോസ് കെ മാണി. ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടാത്തതിന്‍റെ കാരണം ജോസ് കെ മാണി സഭാ നേതൃത്വത്തോട് വിശദീകരിച്ചതായാണ് സൂചന.
അതേസമയം, എല്‍ഡിഎഫ് വിടാനുള്ള അവസരം നേതാക്കള്‍ ഇല്ലാതാക്കിയെന്നും രണ്ടില നോക്കി വോട്ടുചെയ്യുന്ന കാലം കഴിഞ്ഞുവെന്നും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ജോസ് കെ മാണി ഇക്കാര്യം നിഷേധിച്ചു. എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ മധ്യമേഖല ജാഥയ്ക്ക് ശേഷം തുടങ്ങുമെന്നും ജോസ് കെ മാണി വിശദീകരിച്ചു.