ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നു സമ്മതിച്ച് കടകംപള്ളി സുരേന്ദ്രന്‍. വർഷം ഓർമയില്ല. ശബരിമല പോകുന്ന വഴി വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ആണ് പോയത്. ഇന്നത്തെ പോറ്റി അല്ല അന്നത്തെ പോറ്റി. അന്നത്തെ പോറ്റിയോടു വലിയ ബഹുമാനം ആയിരുന്നു. പോറ്റിയുമായി നല്ല ബന്ധമാണ്.
ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ ആണ് പോറ്റിയെ അറിയുന്നത്. സ്വർണ്ണക്കൊള്ള കേസ് വരുന്നത് വരെ അദ്ദേഹത്തെക്കുറിച്ച് ഒരു സംശയവും തോന്നിയിരുന്നില്ല. 2016ൽ മന്ത്രി ആയിരിക്കെ സന്നിധാനത്ത് വെച്ചാണ് ആദ്യമായി കാണുന്നത്. അവിടെ പോറ്റി സ്പോൺസർ ചെയ്ത അന്നദാനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു. അങ്ങനെയാണ് പരിചയപ്പെട്ടത്. പിന്നീട് സന്നിധാനത്ത് പോയപ്പോഴെല്ലാം അയാള്‍ അവിടെ ഉണ്ടായിരുന്നു. രണ്ട് തവണ പോറ്റിയുടെ വീട്ടിൽ പോയി എന്ന അയൽവാസിയുടെ വെളിപ്പെടുത്തൽ തെറ്റാണ്. പോയത് ഒറ്റത്തവണ മാത്രമെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുരുക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി പുറത്തു വന്നിരുന്നു. 2017 മുതല്‍ കടകംപള്ളി സുരേന്ദ്രനുമായി നല്ല ബന്ധമെന്നും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയെന്നും പോറ്റി . എസ്ഐടിക്ക് നല്‍കിയ ആദ്യഘട്ട മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
ഇതിനിടെ സ്വര്‍ണക്കൊളളയിലെ ദ്വാരപാലക ശില്‍പക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചു കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കട്ടിളപ്പാളിക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പോറ്റി ജയിലില്‍ തുടരും.
കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് പറഞ്ഞതെല്ലാം ശരി എന്ന് തെളിയുന്നു. സ്വർണ്ണം രാജ്യാന്തര മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.