ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കം. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. കേരളം വികസപാതയില്‍ കുതിക്കുകയാണെന്നും പത്ത് വര്‍ഷംകൊണ്ട് മികച്ച മുന്നേറ്റമുണ്ടായെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണ്. ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചു. സംസ്ഥാനം നടപ്പാക്കിയ ദാരിദ്ര്യ നിർമാർജന പദ്ധതിയെ കുറിച്ചും ഗവര്‍ണര്‍ പ്രസംഗത്തില്‍ വിശദീകരിച്ചു.
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനവും വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിട്ടുകളഞ്ഞില്ല. കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തുക വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ല. കടമെടുപ്പ് പരിധി 4000 കോടിയോളം കുറച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ഇത് പ്രതികൂലമായി ബാധിച്ചെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. തൊഴിലുറപ്പ് നിയമഭേദഗതി കേരളത്തിന് തിരിച്ചടിയായെന്നും കേന്ദ്രവിഹിതം 100ല്‍നിന്ന് 60 ശതമാനമായി കുറച്ചെന്നും ദേശീയ തൊഴിലുറപ്പ് നിയമം അതുപോലെ തുടരണമെന്നും ഗവര്‍ണര്‍.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ സര്‍ക്കാരിന്‍റെ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന അവസാന ബജറ്റ് 29ന് ധനമന്ത്രി അവതരിപ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ള, വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ സഭയെ പ്രക്ഷുബ്ധമാക്കും. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഡികെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയേക്കും. മാര്‍ച്ച് 26ന് പിരിയും വിധമാണ് നിയമസഭാ ഷെഡ്യൂളെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും.