എയിംസ്, ശബരി റെയില്‍വേ, പ്രത്യേക സാമ്പത്തിക പാക്കേജ്, കടമെടുപ്പ് പരിധി വര്‍ധിപ്പിക്കല്‍. പതിവുപോലെ, കേന്ദ്ര ബജറ്റില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്ന മുഖ്യ കാര്യങ്ങള്‍ ഇവയാണ്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ചുള്ള വികസന പദ്ധതികള്‍ക്ക് കാര്യമായ പരിഗണന വേണമെന്നും കേരളം ആവശ്യപ്പെടുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദീര്‍ഘകാല ആവശ്യങ്ങള്‍ പലതും ഇത്തവണ ബജറ്റില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
എയിംസും ശബരി റെയില്‍വേയും ഉന്നയിക്കപ്പെടാത്ത ഒരു കേന്ദ്ര ബജറ്റ് നമ്മുടെ ഓര്‍മയില്‍ ഉണ്ടോ? ഇത്തവണയും അതില്‍ മാറ്റില്ല. എയിംസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം കേരളം പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. ഇത്തവണ 21,000 കോടിയുടെ സാമ്പത്തിക പാക്കേജ് ആണ് ആവശ്യം.
കടമെടുപ്പ് പരിധിയില്‍ നിന്നുള്‍പ്പെടെ 17,000 കോടിയോളം നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രം വെട്ടിക്കുറച്ചു. അവയ്ക്ക് പരിഹാരമായാണ് 21,000 കോടി തേടുന്നത്. സംസ്ഥാനത്തിന്‍റെ വായ്പ പരിധി ജി.എസ്.ഡി.പിയുടെ അര ശതമാനം ഉയര്‍ത്തണം, റബര്‍ വിലസ്ഥിരത ഫണ്ടിന് 1000 കോടി അനുവദിക്കണം, തോട്ട വിളകളുള്‍ക്കും കയര്‍, കൈത്തറി, കശുവണ്ടി പോലുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്കും പ്രത്യേക പാക്കേജ്, പ്രവാസി പുനരധിവാസ പാക്കേജ് തുടങ്ങി മുന്‍ വര്‍ഷങ്ങളില്‍ ഉന്നയിക്കപ്പെട്ടതെല്ലാം ഇത്തവണയും ആവര്‍ത്തിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ചുള്ള വിവിധ വികസന പദ്ധതികള്‍ക്ക് വലിയ സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തുനിന്നുള്ള റെയില്‍ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, സീഫുഡ് പാര്‍ക്ക്, ലോജിസ്റ്റിക് ആന്‍റ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ എന്നീ പദ്ധതികള്‍ക്ക് വിഹിതം അനുവദിക്കണം. ഭാരതമാല പദ്ധതിയിലും ചരക്ക് ഗതാഗത ഇടനാഴിയിലും വിഴിഞ്ഞം തുറമുഖത്തെ സംയോജിപ്പിക്കണം. വിഴിഞ്ഞം–ചവറ–കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് കോറിഡോര്‍ രൂപീകരിക്കാന്‍ 1000 കോടി. കടല്‍ ഭിത്തി നിര്‍മിക്കാനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും കോസ്റ്റല്‍ റെസിലിയന്‍സ് ഫണ്ട് രൂപീകരിക്കണം തുടങ്ങിയവയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.