ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അതേസമയം ബില്‍ഡറാണ് പണം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയെടുത്ത കേസില്‍ ആന്‍ഡ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി ഒന്നാം പ്രതിയും ഷിബു ബേബി ജോണ്‍ രണ്ടാം പ്രതിയുമാണ്. 2020ല്‍ തിരുവനന്തപുരത്ത് ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്സാണ് പരാതിക്കാരന്‍. ആറുവര്‍ഷമായിട്ടും ഫ്ലാറ്റ് നിര്‍മിച്ച് നല്‍കിയില്ലെന്നും ഷിബു ബേബി ജോണ്‍ ഇടനിലക്കാരനായാണ് പണം കൈമാറിയതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ വന്ന കേസായിട്ടേ താന്‍ ഇതിനെ കാണുന്നുള്ളൂവെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. പരാതിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. തങ്ങളുടെ ഒരു ഭൂമി ജോയിന്‍റ് വെഞ്ച്വര്‍ ഡവലപ്മെന്‍റിന് ഒരു ബില്‍ഡര്‍ക്ക് കൊടുത്തിരുന്നു. അവരുമായിട്ടുള്ള ഒരു പണമിടപാടിന്‍റെ വിഷയമാണ്. പെട്ടെന്ന് വന്ന് പൊലീസില്‍ പരാതി കൊടുക്കുന്നു. യഥാര്‍ഥത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസില്‍ പരാതി നല്‍കാന്‍ ചെന്നിട്ട് അവര്‍ ഇത് തള്ളിക്കളഞ്ഞിരുന്നുവെന്നും തിരഞ്ഞെടുപ്പായപ്പോള്‍ കേസുമായി വരുന്നതിനെ ബ്ലാക്മെയിലിങായാണ് കാണുന്നതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
ബില്‍ഡറും കോണ്‍ട്രാക്ടറും തമ്മില്‍ കേസായി രണ്ടു വര്‍ഷത്തോളമായി പോകുകയാണ്. എഗ്രിമെന്‍റില്‍ കൃത്യമായി കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തലത്തില്‍ തര്‍ക്കം വന്നാല്‍ സിവില്‍ തര്‍ക്കമായതിനാല്‍ RERA യിലാണ് കൊടുക്കേണ്ടത്, RERA യുടെ തീരുമാനമാണ് അന്തിമമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷിബു ബേബി ജോണ്‍ പറയുന്നു. ഭൂമിയുടെ ഉടമ എന്നതിനപ്പുറം ഇതില്‍ തനിക്ക് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.