ശബരിമല സന്നിധാനത്തെ നെയ് ക്രമക്കേടില്‍ കൂടുതല്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പിഴവ് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 13,675 പാക്കറ്റ് നെയ്യാണ് കാണാതെയായത്. ഇതേത്തുടര്‍ന്ന് രാവിലെ സന്നിധാനത്ത് വിജിലന്‍സ് പരിശോധന നടത്തി. സന്നിധാനത്തെ ഓഫിസിലും കൗണ്ടറിലുമുള്‍പ്പടെയാണ് പരിശോധന നടത്തിയത്.
ക്രമക്കേടില്‍ ഇന്നലെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്‍റെ ചുമതലയിലുണ്ടായിരുന്ന സുനില്‍കുമാര്‍ പോറ്റിയെന്ന ഉദ്യോഗസ്ഥനെ നേരത്തെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പടെ 33 പേരാണ് കേസിലെ പ്രതികള്‍. നെയ്യ് വിറ്റ പണം ബോര്‍ഡിന്‍റെ അക്കൗണ്ടിലേക്ക് എത്താതിരുന്നതിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്.
ശബരിമലയില്‍ നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത അയ്യപ്പന്‍മാരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലീ ലീറ്ററിന് 100 രൂപയെന്ന കണക്കിലാണ് വില്‍ക്കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസൃതമായ തുക ദേവസ്വം അക്കൗണ്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് പരിശോധിച്ചപ്പോഴാണ് വന്‍ ക്രമക്കേട് തെളിഞ്ഞത്.
ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് സമഗ്ര വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മണ്ഡല മകരവിളക്കിന് നട തുറന്ന നവംബർ 17 മുതൽ ഡിസംബർ 26 വരെയും ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെയും ഉള്ള കാലത്ത് 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കോടതി കണ്ടെത്തിയത്. ദീർഘകാലമായി ക്ഷേത്രത്തിലെ മറ്റു വരുമാന മാർഗങ്ങളിലും നടന്നിരിക്കാവുന്ന ക്രമക്കേടിന്റെ വ്യാപ്തി സങ്കൽപിക്കാൻ പോലും ബുദ്ധിമുട്ടാണെന്നു ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.