ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്‍ രണ്ടാമത്തെ കേസിലും അറസ്റ്റില്‍. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ളയിലാണ് ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. പി.എസ്.പ്രശാന്ത് ഉള്‍പ്പടെയുള്ള 2024-ലെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും വീണ്ടും ചോദ്യം ചെയ്യും.
തന്ത്രി കണ്ഠര് രാജീവര്‍ക്ക് കുരുക്കുമുറുക്കുകയാണ് അന്വേഷണസംഘം. നാളെ കസ്റ്റഡിയില്‍ വാങ്ങാനും അപേക്ഷ നല്‍കും. ഇതോടെ തന്ത്രി ജയില്‍ മോചിതനാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ഉറപ്പായി. നിലവില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന വാജീവാഹന ഇടപാടിലും കേസെടുത്താല്‍ തന്ത്രി വീണ്ടും കുരുക്കിലാവും.
ഇന്നലെ അറസ്റ്റിലായ കെ.പി.ശങ്കരദാസിനെ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിച്ചു. റിമാന്‍ഡ് നടപടികള്‍ക്കായി ആശുപത്രിയിലെത്തിയ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയും പ്രോസിക്യൂട്ടറും എസ്.പി ശശിധരനും ഡോക്ടര്‍മാരോട് സംസാരിച്ചു. ആരോഗ്യാവസ്ഥ മോശമെന്ന് അറിയിച്ചതോടെയാണ് 14 ദിവസത്തേക്ക് ആശുപത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത് പിന്നീട് തീരുമാനിക്കും.
ശങ്കരദാസിന്‍റെ അറസ്റ്റോടെ 2019-ലെ ദേവസ്വം ബോര്‍ഡ് ഒന്നടങ്കം പിടിയിലായതിന് പിന്നാലെ 2024-ലെ ബോര്‍ഡിലേക്കും അന്വേഷണം വേഗത്തിലാക്കി. 2024-ല്‍ വീണ്ടും ദ്വാരപാലക ശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെയും മൂന്നാമതും അംഗമായിരുന്ന അജികുമാറിനെയും ശനിയാഴ്ചയും ചോദ്യം ചെയ്യും. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലും ഉടന്‍ തീരുമാനമെടുത്തേക്കും.