തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രന് നേരെ സോഷ്യൽ മീഡിയയിൽ സൈബറാക്രമണം. 'ഇൽയാസ് ബല്ല' എന്ന ഫെയ്‌സ്ബുക്ക് ഹാൻഡിലിൽ നിന്നാണ് ആര്യയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവാദ പരാമർശം ഉണ്ടായത്. ആര്യ രാജേന്ദ്രന്റെ പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റ് വലിയ തോതിലുള്ള സൈബർ ലിഞ്ചിംഗിന് വഴിയൊരുക്കിയിരിക്കുകയാണ്.

വിവാദ പോസ്റ്റ് ഇങ്ങനെ

" 'അതിജീവിത'കൾ മാത്രമല്ല 'അതിജീവിതൻ'മാരും ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഫോട്ടോയ്ക്ക് ഞാൻ മേലെ പറഞ്ഞതുമായി ഒരു ബന്ധവുമില്ല. നിങ്ങൾക്ക് തോന്നുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്" എന്നായിരുന്നു ഇൽയാസ് ബല്ല ഫെയ്‌സ്ബുക്കിൽ കുറിച്ചത്. പരോക്ഷമായി ആര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഈ കുറിപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സൈബറാക്രമണത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ രംഗത്തെത്തി. തരംതാഴ്ന്ന രാഷ്ട്രീയമാണ് പോസ്റ്റിന് പിന്നിലെന്ന് അദ്ദേഹം കമന്റിലൂടെ വ്യക്തമാക്കി.

"ഞാൻ കണ്ടതിൽ വച്ച് ഏറ്റവും തരം താഴ്ന്ന ഒരു പോസ്റ്റാണിത്... ആശയപരമായും രാഷ്ട്രീയപരമായും ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം... പക്ഷേ എന്തോ ഒരു കാരണത്തിന് വേണ്ടി, കുറച്ച് നേരത്തെ സന്തോഷത്തിന് വേണ്ടി ഒരു പെൺകുട്ടിയെ, ഇപ്പോൾ കുടുംബ ജീവിതം നയിക്കുന്ന സ്ത്രീയെ പഴയ കാല ഫോട്ടോ തേടിപ്പോയി സൈബർ ലിഞ്ചിംഗിന് വിധേയമാക്കിയത് അംഗീകരിക്കാനാവില്ല" - വിജയ് ഇന്ദുചൂഡൻ കുറിച്ചു.

ENGLISH SUMMARY:

Arya Rajendran cyber attack refers to the recent online harassment faced by the former Trivandrum mayor. The cyberbullying incident has sparked widespread condemnation and highlights the issue of online abuse against women in Kerala.