ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍, മുരാരി ബാബു, നാഗാ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. നേരത്തെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് എ.ബദറുദീനാണ് ഇത്തവണയും എസ്.ഐ.ടിയെ കടന്നാക്രമിച്ചത്. നേരത്തെ ഇതേ സിംഗിള്‍ ബഞ്ച് അന്വേഷണത്തെ വിമര്‍ശിച്ചെങ്കിലും സ്വര്‍ണക്കൊള്ളക്കേസ് തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ദേവസ്വം ബെഞ്ച് അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത്തവണത്തെ വിമര്‍ശനത്തിലും വസ്തുതാപരമായി പിഴവുകളുണ്ടെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. ശങ്കരദാസിന്‍റെ മകന്‍ എസ്.പിയായതുകൊണ്ടാണെന്നും കേസെടുത്തത് മുതല്‍ പ്രതി ആശുപത്രിയിലാണെന്നും ജസ്റ്റിസ് ബദറുദീന്‍ വിമര്‍ശിച്ചു. എന്നാല്‍ കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയോ ഹര്‍ജിയോ പരിഗണിക്കാതിരിക്കുമ്പോഴാണ് ഈ വിമര്‍ശനം. അതുകൊണ്ട് തന്നെ കെ.പി.ശങ്കരദാസിന്‍റെ യഥാര്‍ഥ ആരോഗ്യാവസ്ഥയുടെ വിശദാംശങ്ങള്‍ മറ്റ് പ്രതികളുടെ അഭിഭാഷകര്‍ക്ക് മറുപടിയായി ബോധിപ്പിക്കാനായില്ല. കെ.പി.ശങ്കരദാസിന്‍റെ ജാമ്യഹര്‍ജിയല്ലാത്തതുകൊണ്ട് അദേഹത്തിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുമില്ല.
കെ.പി.ശങ്കരദാസ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ ഐ.സി.യുവിലാണ്. പക്ഷാഘാതവും അതിന്‍റെ ഭാഗമായുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളുമാണ് കാരണം. നാല് മാസം മുന്‍പാണ് ആദ്യം പക്ഷാഘാതമുണ്ടായത്. അതിന്‍റെ ചികിത്സ തുടരുന്നതിനിടെ ഡിസംബര്‍ 23ന് വീണ്ടും ആരോഗ്യനില വഷളായി. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ ചികിത്സയില്‍ തുടരുന്ന ശങ്കരദാസിന് ഇന്നലെ വീണ്ടും ആരോഗ്യനില വഷളായി. ബോധം നഷ്ടമായതോടെ വീണ്ടും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ 48 മണിക്കൂര്‍ നിരീക്ഷണം പറഞ്ഞിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടാകുന്നത്.
അതേസമയം ഹൈക്കോടതി വിമര്‍ശിക്കുന്നതിന് തൊട്ടുമുന്‍പ് ശങ്കരദാസിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചിരുന്നു. ഐ.സി.യുവില്‍ കിടക്കുന്ന ചിത്രങ്ങള്‍ കോടതിയില്‍ കാണിച്ചതോടെ 14 വരെ അറസ്റ്റ് തടയുകയും മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയില്‍ വിശദവാദം കേള്‍ക്കാനും തീരുമാനിച്ചിരുന്നു. കേസെടുത്തത് മുതല്‍ ആശുപത്രിയിലെന്ന വിമര്‍ശനവും അടിസ്ഥാനരഹിതമെന്ന് എസ്.ഐ.ടി പറയുന്നു. ഒക്ടോബര്‍ 11നാണ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഡിസംബര്‍ 23ന് മാത്രമാണ് ആശുപത്രിയിലായത്. അതായത് അന്വേഷണം നടക്കുന്നതിനിടെ ഒന്നരമാസത്തോളം കെ.പി.ശങ്കരദാസ് വീട്ടിലുണ്ടായിരുന്നു. ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്യുകയും ചെയ്തു. ഇനി ഹൈക്കോടതി വിമര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്.ഐ.ടിയുടെ അടുത്ത നീക്കം എന്താണെന്നതാണ് നിര്‍ണായകം...