മകര സംക്രമ ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് നാളെ പുറപ്പെടും. തിരുവാഭരണം കണ്ടുതൊഴുന്നതിനു വേണ്ടി ആയിരക്കണക്കിന് ഭക്തരാണ് പന്തളം ക്ഷേത്രത്തിലേക്ക് എത്തുന്നത്. പതിനാലാം തീയതി വൈകിട്ടാണ് തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന.
നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. അതിനുശേഷം തിരുവാഭരണങ്ങൾ ശ്രീകോവിലിന് മുന്നിലേക്ക് മാറ്റും. ഒരു മണിക്ക് തിരുവാഭരണ വാഹക സംഘം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പ്രധാന പേടകം ശിവൻകുട്ടി ശിരസ്സിലേറ്റും. തിരുവാഭരണ പേടക വാഹകർക്കൊപ്പം പല്ലക്ക് വാഹകരും ഉണ്ടാകും. കൃത്യം ഒരു മണിക്ക് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ശബരിമല കർമ്മസമിതിയുടേതടക്കം സജീവ പ്രവർത്തകനായ പി എൻ നാരായണ വർമ്മയാണ് ഇത്തവണത്തെ രാജപ്രതിനിധി. അയ്യപ്പന്റെ നിയോഗമെന്ന് നാരായണ വർമ്മ.
നാളെ രാത്രി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും പതിമൂന്നാം തീയതി ളാഹ സത്രത്തിലും തിരുവാഭരണ ഘോഷയാത്ര തങ്ങും. കാടും മേടും താണ്ടി പതിനാലാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ശരംകുത്തിയിൽ എത്തുമ്പോൾ ആചാരപരമായ സ്വീകരണം. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് എത്തും. തിരുവാഭരണങ്ങൾ അടങ്ങിയ പ്രധാന പേടകം മാത്രം ശ്രീകോവിലിന് മുന്നിലേക്ക് ആനയിക്കും. ആറരയോടെ തിരുവാഭരണം ചാർത്തി ദീപാരാധന. അതേസമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കും. ആകാശത്ത് മകര നക്ഷത്രവും തെളിയും. മകരവിളക്ക് കഴിഞ്ഞാൽ അന്നുമുതൽ അഞ്ചുദിവസം മണിമണ്ഡപത്തിലാണ് ഉത്സവവും എഴുന്നള്ളത്തും അടക്കമുള്ള ചടങ്ങുകൾ.