ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്‌ഠര് രാജീവരെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സെപ്ഷ്യല്‍ സബ്‌ജയിലിലേക്ക് മാറ്റി. തന്ത്രിയുടെ ചെങ്ങന്നൂരിലുള്ള വീട്ടില്‍ നിന്ന് ബാങ്ക് രേഖകളും സ്വകാര്യ ഡയറികളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു തന്ത്രി കണ്‌ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
ഇതോടെയാണ് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. തന്ത്രിയുടെ ചെങ്ങന്നൂരിലുള്ള വീട്ടില്‍ ഇന്നലെ എസ്.ഐ.ടി നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് ബാങ്ക് അക്കൗണ്ട് രേഖകളും സ്വകാര്യ ഡയറികളും പിടിച്ചെടുത്തത്. സ്വർണ്ണപ്പണിക്കാരനെ വിളിച്ചുവരുത്തി ആഭരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള ഒന്നും എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടില്ല. തന്ത്രിയുടെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച കൊല്ലത്തെ കോടതി പരിഗണിക്കും. അഡ്വ. ബി.രാമന്‍പിള്ളയാണ് തന്ത്രിക്ക് വേണ്ടി ഹാജരാവുക. അറസ്റ്റിന് തക്ക കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് വാദം.