k-muraleedharan-rahul-mamkoottathil-2

പുറത്താക്കിയപ്പോൾ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽ എ സ്ഥാനം രാജിവയ്ക്കണമായിരുന്നെന്ന് കെ. മുരളീധരൻ. പരാതി ഉയർന്നപ്പോൾത്തന്നെ പാര്‍ട്ടി നടപടിയെടുത്തു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇനി ഉത്തരവാദിത്തമില്ല. പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെകേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന് ഞങ്ങൾക്കറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചത് കൊണ്ടാണല്ലോ പുറത്താക്കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം സർക്കാരും പോലീസും എടുക്കട്ടെ. സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും നമ്മൾ സംരക്ഷിച്ചിട്ടില്ല.  ഞങ്ങൾ ചെയ്തത് ശരിയാണ് എന്ന് തുടർ സംഭവങ്ങൾ തെളിയിക്കുന്നു. സിപിഎം ഇത് തെരഞ്ഞെടുപ്പിൽ ആയുധമാക്കിയാൽ ഞങ്ങൾക്കായുധമാക്കാൻ ഒരുപാട് ഉണ്ട്. അവർ അങ്ങനെയൊന്നു പറഞ്ഞു കിട്ടാൻ കാത്തിരിക്കുകയാണ്. വടക്കൻ പാട്ടിൽ പറയുന്നതുപോലെ ഒതേനൻ ചാടാത്ത മതിലുകൾ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ.മുരളീധരന്‍ പറഞ്ഞു.

കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ലെന്നും. രാഹുൽ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ലെന്നും മുരളി വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് അറസ്റ്റ്. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു  അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ രാഹുലിനെ എസ്ഐടി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എ.ആര്‍.ക്യാംപില്‍ എത്തിച്ചു.

അന്വേഷണസംഘമേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. യുവതിയുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ രാഹുല്‍ സമ്മതിച്ചു.  അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലവും ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്. 2024 ഏപ്രിലില്‍ പത്തനംതിട്ടയില്‍വച്ചായിരുന്നു പീഡനം. ഗര്‍ഭിണിയെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഡി.എന്‍.എ പരിശോധന നടത്തിയതെന്നും പരാതിയിലുണ്ട്. വിദേശത്തുള്ള യുവതി  ആറുദിവസം മുന്‍പാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വീഡിയോ കോള്‍ വഴി മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനായും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം.വിദേശത്തുള്ള യുവതി മൊഴിനല്‍കാന്‍ ഉടന്‍ നാട്ടിലെത്തും. 

ENGLISH SUMMARY:

Senior Congress leader K. Muraleedharan said Rahul Mamkoottathil should have resigned from his MLA post immediately after being expelled from the party. He asserted that the Congress acted promptly when allegations surfaced and does not protect individuals accused of wrongdoing. Muraleedharan stated that the party does not justify mistakes, dismissed criticism from the CPM, and mocked Rahul using a reference from northern ballads, emphasising that the law must now take its course.